ചൂട്; പലയിടത്തും താപനില 40 ഡിഗ്രി കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് ശമനമില്ലാതെ തുടരുന്നു. ഇന്നലെയും വിവിധയിടങ്ങളിൽ 40 ഡിഗ്രിക്കു മുകളിൽ താപനില രേഖപ്പെടുത്തി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്ക് അനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് എറണാകുളം കളമശ്ശേരിയിൽ 44.3 ഡിഗ്രിയും പാലക്കാട് കാഞ്ഞിരപ്പുഴയിൽ 45 ഡിഗ്രിയും കണ്ണൂർ ചെമ്പേരിയിൽ 41 ഡിഗ്രിയും താപനില രേഖപ്പെടുത്തി. മറ്റെല്ലാ ജില്ലകളിലും ഇന്നലെ ഉച്ചയ്ക്ക് 35 ഡിഗ്രിക്കു മുകളിലാണ് താപനില. അടുത്ത രണ്ടു ദിവസവും താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഇവ ശ്രദ്ധിക്കുക
- പകൽ 11 മണി മുതൽ മൂന്ന് മണിവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ
- തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
- ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെഉപയോഗം പ്രോത്സാഹിപ്പിക്കുക.
- വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും
പ്രത്യേക ശ്രദ്ധ പുലർത്തണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം.