Cancel Preloader
Edit Template

തെളിവ് പുറത്തുവിടാൻ റിപ്പോര്‍ട്ടർ ചാനലിനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

 തെളിവ് പുറത്തുവിടാൻ റിപ്പോര്‍ട്ടർ ചാനലിനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിലെ പ്രതിയായ അനന്തുകൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും മാത്യു കുഴൽനാടൻ തുറന്നടിച്ചു. അനന്തുകൃഷ്ണനിൽ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കാൻ റിപ്പോര്‍ട്ടര്‍ ചാനലിനെ വെല്ലുവിളിക്കുകയാണെന്നും ഒരൊറ്റ പൈസ വാങ്ങിയിട്ടില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനൽ തനിക്കെതിരെ തെറ്റായ വാര്‍ത്ത നൽകിയെന്നാണ് മാത്യു കുഴൽനാടന്‍റെ ആരോപണം. ഏഴു ലക്ഷം രൂപ മാത്യു കുഴൽനാടന് നൽകിയെന്ന് അനന്തുകൃഷ്ണൻ മൊഴി നൽകിയെന്ന റിപ്പോര്‍ട്ടര്‍ ചാനലിലെ പരാമര്‍ശത്തിലാണ് മാത്യു കുഴൽനാടൻ തുറന്നടിച്ചത്. കൈരളി ടിവി നിങ്ങളേക്കാള്‍ ഭേദമാണെന്നും അവര്‍ അവരുടെ നയം വിട്ട് പെരുമാറില്ലെന്നും നിങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടമായെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. രാജാവിനേക്കാള്‍ വലിയ രാജഭക്തി നിങ്ങള്‍ കാണിക്കുമ്പോള്‍ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാകും.

സ്ഥാപിത രാഷ്ട്രീയം വെച്ചാണ് റിപ്പോര്‍ട്ടര്‍ ചാനൽ ഇടപെടുന്നത്. തനിക്കെതിരെ അനന്തുകൃഷ്ണൻ മൊഴി നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. പൊതുപ്രവർത്തനത്തിന്‍റെ സുതാര്യതയും വിശ്വാസ്യതയും തകർക്കാൻ എന്ത് അധികാരമാണ് റിപ്പോര്‍ട്ടര്‍ ചാനലിനുള്ളതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. മാധ്യമപ്രവര്‍ത്തകന്‍റെ മേലങ്കി അണിഞ്ഞല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്.

തെളിവിന്‍റെ ഒരംശം എങ്കിലും പുറത്തുവിടാൻ റിപ്പോര്‍ട്ടര്‍ ചാനലിനെ താൻ വെല്ലുവിളിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനൽ പണം വാങ്ങിയാണ് വാര്‍ത്തകള്‍ ചെയ്യുന്നതെന്ന് സംശയിക്കുന്നുവെന്നും അവര്‍ നടത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. പാതി വില തട്ടിപ്പിന്‍റെ കാര്യങ്ങള്‍ പരിശോധിച്ചാൽ എങ്ങോട്ടാണ് ആരോപണം പോകുന്നത് വ്യക്തമാകുമെന്നും അങ്ങനെയിരിക്കെ തന്നെ ഇതിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *