Cancel Preloader
Edit Template

കോഴിക്കോട് കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ

 കോഴിക്കോട് കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ

കോഴിക്കോട്: കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ആറ് പേര്‍ പിടിയില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി റാഫി മന്‍സിലില്‍ ഐന്‍ മുഹമ്മദ് ഷാഹിന്‍(19), കക്കോടി സ്വദേശി റദിന്‍(19), കക്കോടി കൂടത്തുംപൊയില്‍ സ്വദേശി നിഹാല്‍(20), കക്കോടി സ്വദേശി പൊയില്‍ത്താഴത്ത് അഭിനവ്(23), നടക്കാവ് സ്വദേശി ചെറുവോട്ട് ഉദിത്ത്(18), ചേളന്നൂര്‍ ചെറുവോട്ട് വയല്‍ വൈഷ്ണവ്(23) എന്നിവരെയാണ് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകീട്ടായിരുന്നു ദമ്പതികൾക്ക് നേരെ ആക്രമം ഉണ്ടായത്. മാളിക്കടവ് ബൈപ്പാസ് റോഡില്‍ കാര്‍ നിര്‍ത്തി സംസാരിക്കുകയായിരുന്ന ദമ്പതികളെ ബൈക്കില്‍ വന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു. കല്ലുപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ച പരാതിക്കാരനെ ചാവി കൊണ്ട് കഴുത്തിന് കുത്തുകയും, ഇയാളുടെ ഭാര്യ ധരിച്ചിരുന്ന വസ്ത്രത്തിന്റെ കോളറില്‍ കയറിപ്പിടിക്കുകയും ചെയ്യുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ദമ്പതികളെ ഭീഷണിപ്പെടുത്തി 2000 രൂപ ഓണ്‍ലൈനായി അയപ്പിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞ് തകര്‍ക്കുകയും ചെയ്ത് സംഘം കടന്നുകളയുകയായിരുന്നു.

പിന്നീട് ദമ്പതികള്‍ ചേവായൂര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലിസ് ആക്രമികൾ സഞ്ചരിച്ച ബൈക്കുകളുടെ നമ്പര്‍ മനസ്സിലാക്കുകയും, ഗൂഗിള്‍ പേ വഴി പണം അയച്ച മൊബൈല്‍ നമ്പറും കണ്ടെത്തുകയും ചെയ്തു. പിടിയിലായ പ്രതികളിൽ ഒരാളെ കക്കോടിയില്‍ നിന്നും മറ്റുള്ളവരെ വെള്ളിമാട്കുന്ന് നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രതികളായ അഭിനവ്, നിഹാല്‍ എന്നിവരുടെ പേരില്‍ കസബ, നടക്കാവ്, എലത്തൂര്‍ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. എസ്‌ഐമാരായ നിമിന്‍ കെ ദിവാകരന്‍, രോഹിത്ത്, സിവില്‍ പൊലിസ് ഓഫീസര്‍മാരായ സിന്‍ജിത്ത്, പ്രജീഷ്, രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *