Cancel Preloader
Edit Template

ഇന്ത്യക്കാരെ നാടുകടത്തുന്ന ദൃശ്യം പുറത്തുവിട്ട് യുഎസ് ബോർഡർ പട്രോൾ; ’40 മണിക്കൂർ കയ്യും കാലും വിലങ്ങിട്ടു’

 ഇന്ത്യക്കാരെ നാടുകടത്തുന്ന ദൃശ്യം പുറത്തുവിട്ട് യുഎസ് ബോർഡർ പട്രോൾ; ’40 മണിക്കൂർ കയ്യും കാലും വിലങ്ങിട്ടു’

വാഷിങ്ടണ്‍: അമേരിക്കയിൽ നിന്ന് കയ്യിലും കാലിലും വിലങ്ങിട്ട് ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബോർഡർ പട്രോൾ. സി17 ട്രാൻസ്പോർട് വിമാനത്തിൽ 40 മണിക്കൂറിലേറെ വീണ്ട യാത്രയിൽ കൈവിലങ്ങിട്ടും കാലിൽ ചങ്ങലയിട്ടുമാണ് ഇരുത്തിയിരുന്നതെന്ന് മടങ്ങിയെത്തിയ ജസ്പാൽ സിങ്, ഹർവീന്ദർ സിങ് എന്നിവർ വെളിപ്പെടുത്തി. ഇന്ത്യക്കാരെ കൈവിലങ്ങുവെച്ചല്ല കൊണ്ടുവന്നതെന്ന സർക്കാർ വാദം തള്ളുകയാണ് തിരികെയത്തിയവർ.

അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കാനായെന്ന് അവകാശപ്പെട്ടാണ് അമേരിക്കൻ ബോർഡർ പട്രോൾ ദ്യശ്യങ്ങൾ പുറത്തുവിട്ടത്. കൈവിലങ്ങും കാലിൽ ചങ്ങലയുമായി നടന്നു പോകുന്നവരെ ഈ ദൃശ്യങ്ങളിൽ കാണാം. ഡോണൾഡ് ട്രംപ് ഉപയോഗിക്കുന്ന ‘ഇന്ത്യൻ ഏലിയൻസ്’ എന്ന വാക്കാണ് ബോർഡർ പട്രോളും ഉപയോഗിച്ചിരിക്കുന്നത്. ഏറെ അപേക്ഷിച്ച ശേഷമാണ് ശുചിമുറിയിൽ പോകാൻ അനുവാദം നൽകിയതെന്ന് തിരിച്ചെത്തിയവർ പറയുന്നു. ഭക്ഷണം കഴിക്കാൻ പോലും വിലങ്ങ് അഴിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനുവാദം നല്കിയില്ല. കാബിൻ ഉദ്യോഗസ്ഥരിൽ ചിലർ ഇടയ്ക്ക് പഴങ്ങൾ നല്കിയത് ആശ്വാസമായെന്നും ഇവർ വിവരിക്കുന്നു.

ഹർവീന്ദർ സിങ് 42 ലക്ഷം രൂപയാണ് അമേരിക്കയിൽ എത്താൻ ഏജന്‍റിന് നൽകിയത്. വിസ നൽകുമെന്ന് ഏജന്‍റ് പറഞ്ഞെങ്കിലും മെക്സിക്കോ വഴി രേഖകളില്ലാതെ അതിർത്തി കടത്താനായിരുന്നു ശ്രമം. വനപാതയിലൂടെ സഞ്ചരിച്ച് അതിർത്തി കടന്നെങ്കിലും പിടിയിലായെന്ന് ഹർവീന്ദർ പറഞ്ഞു.

ഇന്ത്യയിൽ നിന്ന് അനധികൃതമായി കുടിയേറിയവരുടെ എണ്ണം ഏഴ് ലക്ഷത്തിലധികം എന്നാണ് വിദേശകാര്യ പാ‍ർലമെൻററി സമിതി അദ്ധ്യക്ഷൻ ശശി തരൂർ നൽകിയ കണക്ക്. 1,70,000 ഇന്ത്യക്കാരാണ് അതിർത്തിയിൽ പിടിയിലായതെന്നും തരൂർ വെളിപ്പെടുത്തി. ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി അമേരിക്ക നാടുകടത്തിയ വിഷയത്തിൽ പാ‍ർലമെന്റിൽ ശക്തമായ പ്രതിഷേധം. ബഹളം കാരണം രാജ്യസഭയും ലോക്സഭയും നിർത്തിവയ്ക്കേണ്ടി വന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *