മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു:ജില്ലയിൽ ടൈഫോയ്ഡ് വാക്സിൻ ലഭ്യമാണെന്ന് റിപ്പോർട്ട്

കോഴിക്കോട്: ജില്ലയിൽ സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും ടൈഫോയ്ഡ് വാക്സിൻ ആവശ്യാനുസരണം ലഭ്യമാണെന്ന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കാവിലുംപാറ പഞ്ചായത്തിൽ ടൈഫോയ്ഡ് റിപ്പോർട്ട് ചെയ്തിട്ടും വാക്സിൻ ലഭ്യമല്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിശദീകരണം സമർപ്പിച്ചത്.
ടൈഫോയ്ഡ് വാക്സിന് വിപണന സാധ്യത കുറവായതിനാൽ കാരുണ്യഫാർമസികളിൽമിതമായ സ്റ്റോക്ക് മാത്രമാണ് ലഭ്യമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ എല്ലാ ഫാർമസികളിലും മരുന്ന് ലഭ്യമാണ്. വാക്സിന്റെ പരമാവധി വില 165 രൂപയാണെന്നും 96.52 രൂപക്ക് ഇവ പൊതുജനങ്ങൾക്ക് നൽകാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മ്യൂണിറ്റി ഫാർമസികളിൽ വാക്സിൻ കുറവ് ഉണ്ടായാൽ മറ്റ് ഫാർമസികളിൽ നിന്നും ലഭ്യമാക്കി നൽകും. സർക്കാർ ആശുപത്രികളിലൂടെ സൗദജന്യമായി വിതരണം ചെയ്യുന്ന ആവശ്യമരുന്ന് പട്ടികയിൽ ടൈഫോയ്ഡ് വാക്സിൻ ഉൾപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ വാക്സിൻ വാങ്ങി ആശുപത്രികളിൽ വിതരണം നടത്താറില്ല.
ദേശീയ പ്രതിരോധ കുത്തിവയ്പ് പട്ടികയിൽ ടൈഫോയ്ഡ് വാക്സിൻ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ സർക്കാർ മേഖലയിൽ ടൈഫോയ്ഡ് പ്രതിരോധ വാക്സിൻ നിലവിൽ ലഭ്യമല്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു. സർക്കാർ നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ പരാതിയിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.