Cancel Preloader
Edit Template

കൊച്ചിയുടെ സാധ്യതകള്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ ഉയര്‍ത്തിക്കാട്ടുമെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇഒ സുശാന്ത് കുറിന്തില്‍

 കൊച്ചിയുടെ സാധ്യതകള്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ ഉയര്‍ത്തിക്കാട്ടുമെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇഒ സുശാന്ത് കുറിന്തില്‍

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 കൊച്ചിയുടെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള വേദിയാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ജനുവരി 25 ന് ആരംഭിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് മുന്നോടിയായി സംഘടിപ്പിച്ച സിഇഒ ലഞ്ചിയോണില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പാഠ്യ പദ്ധതിയും വ്യവസായ ആവശ്യകതയും തമ്മിലുള്ള വിടവ് നികത്തുന്നതില്‍ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച ലഞ്ചിയോണില്‍ നിരവധി ഐടി കമ്പനികളിലെ വിദദ്ധര്‍ ഭാവിയെ കുറിച്ചുള്ള ആശയങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവെച്ചു. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ പോലുള്ള പ്ലാറ്റ്ഫോമുകളുടെ ആവശ്യകത അനിവാര്യമാണെന്നും പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. ഭാവിയെ രൂപപ്പെടുത്തുന്നതിനുള്ള ഇത്തരം സമ്മിറ്റുകള്‍ ഉള്‍ക്കാഴ്ചകളും ട്രെന്‍ഡുകളും പുതുമകളും പങ്കിടുന്നതിനും വ്യവസായ പ്രമുഖരെയും പ്രൊഫഷണലുകളെയും ബന്ധിപ്പിക്കുന്നതിനും സഹായകമാകും. ആഗോളതലത്തിലെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്ന രീതിയില്‍ കൊച്ചിയെ കൂടുതല്‍ തൊഴിലുടമ സൗഹൃദ നഗരമാക്കേണ്ടതിന്റെ പ്രാധാന്യവും ലഞ്ചിയോണില്‍ ചര്‍ച്ചയായി.

വ്യവസായ, വിദ്യാഭ്യാസ മേഖലകളെ ശക്തിപ്പെടുത്തുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും സാങ്കേതികവിദ്യ വിദഗ്ദ്ധര്‍ പറഞ്ഞു. പ്രമുഖ ഐടി കമ്പനികളായ ഇവൈ, ടിസിഎസ്, വിപ്രോ, ഐബിഎം, കെപിഎംജി, ഐബിഎസ് എന്നിവടങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.

രാജ്യത്താദ്യമായി ഒരു സര്‍വ്വകലാശാല ഭാവിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഉച്ചകോടിക്കാണ് കൊച്ചി സാക്ഷ്യം വഹിക്കുകയെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറ്ക്ടര്‍ ഡോ. ടോം ജോസഫ് പറഞ്ഞു. പരമ്പരാഗത വിദ്യാഭ്യാസ രീതികളില്‍ നിന്ന് വ്യത്യസ്തമായി ഇന്‍ഡസ്ട്രിയുടെ ആവശ്യകത മനസിലാക്കിയുള്ള വിദ്യാഭ്യാസമാണ് പുതുതലമുറയ്ക്ക് നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ടെക്‌നോളജി രംഗത്തെ മാറ്റങ്ങള്‍ അതിവേഗമാണെന്നും നൂതന ആശയങ്ങളിലൂടെ സുസ്ഥിര വളര്‍ച്ച കൈവരിക്കുവാന്‍ നമുക്ക് സാധിക്കുമെന്നും കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പി.വി.സി പ്രൊഫ. ഡോ ജെ ലത അഭിപ്രായപ്പെട്ടു. സുസ്ഥിരത, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, സമാധാനം എന്നീ വിഷയങ്ങളില്‍ ആഗോള രാജ്യങ്ങളുടെ സഹകരണത്തിന്റെ പ്രാധാന്യം എന്താണെന്ന് ഊന്നിപ്പറയുന്നത് കൂടിയായിരിക്കും കൊച്ചിയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറെന്ന് അവര്‍ പറഞ്ഞു.

ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്നുകൊണ്ട് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി രൂപകല്‍പ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. ഉച്ചകോടിയില്‍ സ്‌കൂള്‍- കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മ്യൂസിക്കല്‍ ഇവന്റ് ഒഴികെ മറ്റെല്ലാ പരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്. മറ്റുള്ളവര്‍ക്ക് അമ്പത് രൂപ മുതലാണ് പ്രവേശന ഫീ. സുസ്ഥിരത,ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയില്‍ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറിലധികം വിദഗ്ദ്ധര്‍ സംസാരിക്കും. വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണല്‍സ് ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ 30-ല്‍ അധികം പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ഥ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധര്‍ നയിക്കുന്ന 25-ല്‍ അധികം ശില്‍പ്പശാലകളും മാസ്റ്റര്‍ ക്ലാസുകളും നടക്കും. റോബോട്ടിക് എക്സ്പോ, ടെക് എക്സ്പോ,സ്റ്റുഡന്റ് ബിനാലെ, ഫ്ലീ മാര്‍ക്കറ്റ്, ഫുഡ് സ്ട്രീറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികള്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്-7034044141/ 7034044242,https://futuresummit.in/

Related post

Leave a Reply

Your email address will not be published. Required fields are marked *