Cancel Preloader
Edit Template

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് നാലു വയസ്സുകാരിക്ക് ഗുരുതര പരുക്ക്

 സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് നാലു വയസ്സുകാരിക്ക് ഗുരുതര പരുക്ക്

ബെംഗളൂരു കല്യാൺ നഗർ ചെല്ലിക്കെരെയിലെ സ്വകാര്യ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി പെൺകുട്ടിക്ക് പരുക്കേറ്റ സംഭവത്തിൽ സ്കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുത്ത് ഹെന്നൂർ പോലീസ്. ബെംഗളൂരുവിലെ ഡൽഹി പബ്ലിക് സ്കൂൾ നഴ്‌സറി വിദ്യാർഥിനിയും കോട്ടയം മണിമല സ്വദേശികളായ ദമ്പതികളുടെ മകളുമായ ജിയന്ന ആൻ ജിറ്റോ(4) ക്കാണ് പരുക്കേറ്റത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ് കുട്ടി.

കുട്ടി ഓടി കളിക്കുന്നതിനിടെ സ്കൂളിലെ ചുവരിൽ തലയിടിച്ചു തെറിച്ചു നിലത്തു വീണെന്നും നിർത്താതെ ഛർദിക്കുകയാണെന്നുമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ച് അറിയിച്ചത്. ഉടന്‍ സ്കൂളിലെത്തിയ രക്ഷിതാക്കൾ കണ്ടത് തലയ്ക്ക് ഗുരുതര പരുക്കേറ്റ് അബോധാഅവസ്ഥയിലായ കുഞ്ഞിനെയാണ്. ഗുരുതര പരുക്കേറ്റിട്ടും കുട്ടിയെ തൊട്ടടുത്ത ക്ലിനിക്കിൽ മാത്രം ചികിത്സയ്ക്കായി എത്തിക്കുകയാണ് സ്കൂൾ അധികൃതർ ചെയ്തതെന്ന് ജിയന്നയുടെ മാതാപിതാക്കളായ ജിറ്റോ ജോസഫും ബിനിറ്റ തോമസും ആരോപിച്ചു. കുട്ടികളെ നോക്കാൻ അധികൃതർ ചുമതലപ്പെടുത്തിയ ആയമാരുടെ നോട്ടക്കുറവ് കൊണ്ടാണ് കുട്ടി ദുരന്തത്തിനിരയായതെന്ന് കരുതുന്നു.

കുട്ടി വീണത് ചുവരിൽ തട്ടി തെറിച്ചാണെന്ന മാനേജ്‌മെന്റിന്റെ വിശദീകരണം കള്ളമാണ്. ആയമാർ ശ്രദ്ധിക്കാതായതോടെ കുട്ടി സ്കൂളിന്റെ മുകളിലത്തെ നിലയിൽ എത്തുകയും അവിടെ നിന്ന് വീഴുകയുമാണ് ഉണ്ടായതെന്ന് ജിയന്നയുടെ അച്ഛൻ ജിറ്റൊ ടോമി ജോസഫ് ആരോപിച്ചു. സ്കൂളിലെ നിരീക്ഷണ ക്യാമറകൾ പ്രവർത്തന രഹിതമാണെന്ന അധികൃതരുടെ വിശദീകരണം ദുരൂഹമാണെന്നും രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സ്കൂളിന്റെ അലംഭാവം ചൂണ്ടിക്കാട്ടി പരാതിയുമായി രക്ഷിതാക്കൾ സമീപിച്ചതോടെ ഹെന്നൂർ പോലീസ് സ്കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി. സ്കൂളിലെ രണ്ട് ആയമാരെ പോലീസ് വിശദമായി ചോദ്യം ചെയ്തു.കുട്ടി കെട്ടിടത്തിന് മുകളിൽ നിന്നാണോ ചുവരിൽ തട്ടിയാണോ വീണതെന്ന കാര്യത്തിൽ പോലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. സ്കൂളിലെ അധ്യാപക – അനധ്യാപക ജീവനക്കാരിൽ നിന്നും പോലീസ് വിവരങ്ങൾ ആരാഞ്ഞു. കർണാടക മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

അതേസമയം ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ചികിത്സയിൽ കഴിയുകയാണ് ജിയന്ന. ഉയരമുള്ള കെട്ടിടത്തിൽ നിന്ന് വീഴുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള പരുക്കാണ് കുട്ടിക്കുണ്ടായിരിക്കുന്നതെന്നു ഡോക്ടർമാർ അറിയിച്ചതായി രക്ഷിതാക്കൾ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനിലയിൽ ഇതുവരെ കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *