കേരളത്തിൽ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്

വരാനിരിക്കുന്ന ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയില്‍ ആകെ 2,70, 99, 326 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പുതുതായി 5,74,175 പേരാണ് വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത്. 32,79,172 മലപ്പുറത്തെ വോട്ടര്‍മാരുടെ എണ്ണം.
വയനാടാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ല. 6,21,880 വോട്ടര്‍മാരാണ് വയനാട്ടില്‍ ഉള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 3,75,867 പേരെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം എന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഐ എ എസ് വ്യക്തമാക്കി.
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024-ന്റെ ഭാഗമായി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാന്‍ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ( ബി എല്‍ ഒ) വോട്ടര്‍മാരുടെ വീടുകളിലെത്തി മരണപ്പെട്ടവരുടെ ഉള്‍പ്പെടെയുള്ള വിവരം ശേഖരിച്ചു. ഇതിന്‍െ അടിസ്ഥാനത്തില്‍ 3.75 ലക്ഷം പേര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
ആകെ സ്ത്രീ വോട്ടര്‍മാര്‍ 1,39,96,729 ഉം പുരുഷ വോട്ടര്‍മാര്‍ – 1,31,02,288 ഉം ആണ്. ഭിന്നലിംഗ വോട്ടര്‍മാര്‍ – 309. സ്ത്രീ പുരുഷ അനുപാതം – 1068 ആണ്. കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഉള്ള ജില്ലയും മലപ്പുറമാണ്, (16,38,971). കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല തിരുവനന്തപുരം, (60) ആകെ പ്രവാസി വോട്ടര്‍മാര്‍ 88,223 ആണ്. പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല കോഴിക്കോട് ആണ് (34,909). സംസ്ഥാനത്ത് ആകെ 25,177 പോളിംഗ് സ്റ്റേഷനുകളുണ്ട്.
അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്ക് തിരഞ്ഞെടുപ്പിന് മുന്‍പ് വരെ അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരമുണ്ട് എന്നും ഇത് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. അന്തിമവോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി (www.ceo.kerala.gov.in) എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം