Cancel Preloader
Edit Template

എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

 എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ദില്ലി: എച്ച്എംപിവി വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 6 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്നലെ ഇന്ത്യയില്‍ ആറ് എച്ച്എംപിവി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബെംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. അഡ്മിറ്റ് ചെയ്ത കുഞ്ഞിന്‍റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് വൈറസ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്. ജനുവരി 3-നാണ് ഇതേ ആശുപത്രിയിൽ എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും രോഗം സ്ഥിരീകരിക്കുന്നത്. ഈ കുഞ്ഞിനും ബ്രോങ്കോന്യുമോണിയയുണ്ടായിരുന്നു. ചെന്നൈയിലെ ഗിണ്ടി, തേനാംപേട്ട് എന്നിവിടങ്ങളിൽ ചികിത്സ തേടിയ രണ്ട് കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കൊൽക്കത്തയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ഈ രോഗബാധ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ നവംബറിലാണ്. അഹമ്മദാബാദിലെ ചാന്ദ് ഖേഡയിൽ ഈ രോഗബാധ കണ്ടെത്തിയിരിക്കുന്നതും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനാണ്.

സാധ്യതയുള്ള പ്രായമായവര്‍, കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, കിടപ്പ് രോഗികള്‍, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇന്‍ഫ്ളുവന്‍സ പോലെ തന്നെ എച്ച്.എം.പി.വി. വരാതിരിക്കാന്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. കൂടാതെ ശ്വാസകോശ അണുബാധയുള്ള ആളുകളില്‍ നിന്നും അകലം പാലിക്കുകയും വേണം. രോഗങ്ങളുള്ള സമയത്ത് കുട്ടികളെ സ്‌കൂളില്‍ വിടരുത്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *