വൺ പ്ലസ് 12 ഇന്ത്യൻ വിപണിയിൽ ഈ മാസം എത്തും, വില അറിയാം

നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. അതുകൊണ്ടുതന്നെ വിപണിയിൽ എത്തുന്ന ഓരോ മോഡലും ആളുകൾ ആവേശത്തോടുകൂടിയാണ് ഏറ്റെടുക്കാറ്. ഏതാണ് നല്ലത് ഏത് വേണം എന്നുള്ള കൃത്യമായ ധാരണ ഉപഭോക്താക്കൾ ഉണ്ട്.അങ്ങനെ ആളുകൾ കാത്തിരുന്ന ഒരു ഫോൺ കൂടെ വിപണിയിലേക്ക് എത്തുകയാണ്. വൺ പ്ലസ് 12. ജനുവരി 23ന് ഇന്ത്യയിൽ നടക്കുന്ന ‘സ്മൂത്ത് ബിയോണ്ട് ബിലീഫ്’ പരിപാടിയിൽ വൺ പ്ലസ് 12 ഔദ്യോഗികമായി പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്.
ഔപചാരികമായ ലോഞ്ചിന് കൃത്യം ഒരു ദിവസം മുമ്പ്, ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ സമൂഹ മാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.ജനുവരി 30 മുതൽ ഫോൺ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് വൺ പ്ലസ് 12 ആദ്യം ചൈനയിൽ അവതരിപ്പിച്ചത്. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3ൽ പ്രവർത്തിക്കുന്നു, കൂടാതെ 100W വയർഡ് സൂപ്പർവൂക് ചാർജിംഗ് പിന്തുണയുള്ള 5,400mAh ബാറ്ററിയുടെ പിന്തുണയും ഉണ്ട്.ഫോണിൽ 24ജിബി വരെ റാമും 1ടിബി വരെ സ്‌റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ക്വാൽകോം സ്‌നാപ് ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് മോഡലിൽ നൽകിയിരിക്കുന്നതെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. കൂടാതെ ഒരു വേപ്പർ ചേംബർ കൂളിംഗ് സിസ്‌റ്റവും ഫോണിൽ കമ്പനി അവതരിപ്പിക്കുന്നു. വൺ പ്ലസ് 12ന് 6.82 ഇഞ്ച് ക്യൂഎച്ച്ഡി 2K OLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്.
ക്യാമറയുടെ കാര്യത്തിൽ വൺ പ്ലസ് 12, 64എംപി ടെലിഫോട്ടോ ലെൻസായ സോണി LYT-808 ഉള്ള 50 എംപി പ്രൈമറി സെൻസറോട് കൂടിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്. 3x ഒപ്റ്റിക്കൽ സൂമിംഗും 48എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിനൊപ്പം ഉണ്ടാവും. നിങ്ങളുടെ എല്ലാ സെൽഫി, വീഡിയോ കോളിംഗ് ആവശ്യങ്ങളും കൈകാര്യം ചെയ്യാൻ ഫോണിൽ കരുത്തുറ്റ 32എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും കമ്പനി ഒരുക്കിയിട്ടുണ്ട്.അതേസമയം, ഹാൻഡ്‌സെറ്റിന്റെ വില സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 12 ജിബി റാം ഉള്ള അടിസ്ഥാന വേരിയന്റിന് 64,999 രൂപയായിരിക്കും. 16 ജിബി റാം മോഡലിന് 69,999 രൂപ വിലയുണ്ടാകുമെന്ന് പറയപ്പെടുന്നു. എന്നാൽ വൺപ്ലസ് 12ആർ, ഫെബ്രുവരിയിൽ വിൽപനയ്ക്ക് ലഭ്യമാകുമെന്ന് പറയപ്പെടുന്നു.