അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി
അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി. അയോധ്യയിൽ രാമലല്ലയുടെ വിഗ്രഹം സ്ഥാപിച്ചുകൊണ്ട് രാമക്ഷേത്രം രാജ്യത്തിനായി സമർപ്പിച്ചു. ആചാരപരമായ ചടങ്ങുകൾക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകി. ആർഎസ്എസ് മേധാവി മോഹൻ ഭഗവന്തും, യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്.
പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് ശുഭമുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിൽ എത്തുന്നതിന് മുമ്പ് അയോധ്യയിലെ രാമക്ഷേത്ര പരിസരത്ത് ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി 11 ദിവസത്തെ ആചാരങ്ങൾ പ്രധാനമന്ത്രി മോദി അനുഷ്ഠിച്ചിരുന്നു.
ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും മറ്റ് സൂപ്പർ താരങ്ങളായ രൺബീർ കപൂർ, ആലിയ ഭട്ട്, കത്രീന കൈഫ്, വിക്കി കൗശൽ എന്നിവരും ഉൾപ്പെടെ നിരവധി അതിഥികൾ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അയോധ്യയിലെത്തി. ക്രിക്കറ്റ് ഐക്കൺമാരായ സച്ചിൻ ടെണ്ടുൽക്കറും അനിൽ കുംബ്ലെ, വ്യവസായ പ്രമുഖരായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മകൾ ഇഷ അംബാനിയും ഉൾപ്പെടെയുള്ളവർ ചടങ്ങിനായി ക്ഷേത്രത്തിലെത്തി.