അയോധ്യ പ്രതിഷ്ഠ: കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിൽ പൊതു അവധി
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ജനുവരി 22 ന് ഹിമാചാൽ പ്രദേശിൽ പൊതു അവധി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനം അവധി പ്രഖ്യാപിക്കുന്നത്. സ്കൂളുകൾ, കോളെജുകൾ, സർക്കാർ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയ്ക്കെല്ലാം അവധിയാണ്.
അയോധ്യയിലെ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും പകുതി ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിൽ ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22 ന് അവധിയാണ്.അതേസമയം, ചടങ്ങുമായി ബന്ധപ്പെട്ട് 22 ന് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ച ഉത്തരവ് പിൻവലിച്ച് ഡൽഹി എയിംസ്.
അവധി ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്. രോഗികൾക്ക് ഉണ്ടാകാനിടയുള്ള അസൗകര്യം കണക്കിലെടുത്താണ് അവധിക്കുള്ള ഉത്തരവ് പിൻവലിക്കുന്നതെന്നാണ് അറിയിപ്പ്. നാളെ ഒപി വിഭാഗം ഉൾപ്പെടെ പതിവുപോലെ പ്രവർത്തിക്കുമെന്നും അറിയിച്ചു.