അയോധ്യയിൽ നാളെ കടുത്ത തണുപ്പും മൂടൽ മഞ്ഞും

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ നടക്കുന്ന അയോധ്യയിൽ നാളെ കടുത്ത തണുപ്പും മൂടൽമഞ്ഞും അനുഭവപ്പെടും.അയോധ്യ ഉൾപ്പെടെ ഉത്തരേന്ത്യക്ക് മുകളിൽ ജെറ്റ് സ്ട്രീം സാന്നിധ്യം തുടരുന്നത് മൂലമാണ് ഉത്തരേന്ത്യയിൽ കൊടും ശൈത്യം അനുഭവപ്പെടുന്നത്.അയോധ്യ ഉൾപ്പെടുന്ന മേഖലക്ക് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 12.6 കിലോമീറ്റർ ഉയരത്തിൽ 130 മുതൽ 140 വരെ നോട്ടിക്കൽ മൈൽ വേഗതയിലാണ് ജെറ്റ് സ്ട്രീം എന്ന കാറ്റിന്റെ പ്രവാഹം ഉള്ളത്.കാറ്റിൻ്റെ തണുപ്പ് 8.6 ഡിഗ്രിയാകും. അന്തരീക്ഷത്തിലെ ആർദ്രത 95%. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ മൂന്ന് കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ശക്തിയുള്ള ശൈത്യ കാറ്റിന് സാധ്യതയുണ്ട്. ദൃശ്യത (Visibility ) 600- 700 മീറ്റർ വരെ. നാളെ കൂടിയ താപനില 12 ഡിഗ്രിയായിരിക്കും.
ആർദ്രത 58%. ശൈത്യ കാറ്റിന്റെ പ്രവാഹം തുടരുന്നതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ചുദിവസം കൂടി ഈ കാലാവസ്ഥ തുടരും. മിക്ക ഇടങ്ങളിലും ശൈത്യ തരംഗത്തിനും സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രത്യേക അയോധ്യ കാലാവസ്ഥ ബുള്ളറ്റിൻ ഇറക്കിയിട്ടുണ്ട്. മലയാളം ഉൾപ്പെടെ 140 ഭാഷകളിൽ ഈ ബുള്ളറ്റിൽ വായിക്കാൻ കഴിയും എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിദേശികൾ ഉൾപ്പെടെയുള്ളവർ അയോധ്യ സന്ദർശിക്കുമെന്ന് കരുതുന്നതിനാലാണ് പ്രത്യേക ബുള്ളറ്റിൻ ഇറക്കിയത്. കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റിൽ പോപ്പ് അപ്പ് മെസ്സേജ് ആയി ഇപ്പോൾ പ്രത്യേക ബുള്ളറ്റിൻ ലഭിക്കുന്നുണ്ട്. IMD യുടെ ഉത്തർപ്രദേശ് വിഭാഗമാണ് ഈ ബുള്ളറ്റിൻ തയാറാക്കുന്നത്.
ബുള്ളറ്റിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം, നാളെ നടക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തും. കനത്ത സുരക്ഷയാണ് അയോധ്യയിലും പരിസര പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠാ ദിനത്തിൽ സരയൂ സ്‌നാനത്തിന് ശേഷം 2 കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തും. തുടർന്നു ഹനുമാൻഗഡി ക്ഷേത്രത്തിൽ ദർശനം നടത്തും.
പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടത്തിയിട്ടുള്ളത്. അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും.