ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ്, ജാഗ്രത; കാഴ്ച പരിമിതി കുറയുന്നു
ഉത്തരേന്ത്യയിൽ അതിശക്തമായ ശൈത്യ തരംഗം തുടരുന്നു. അടുത്ത അഞ്ചുദിവസം കൂടെ മൂടൽമഞ്ഞ് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. അതിശക്തമായ തണുപ്പും മൂടൽമഞ്ഞും ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ആണ് ശൈത്യം കനക്കുന്നത്. മൂടൽ മഞ്ഞിനെ തുടർന്ന് റെയിൽ വ്യോമ ഗതാഗതം വിവിധ ഇടങ്ങളിൽ താറുമാറായി.
കാഴ്ചാ പരിധി കുറയുന്ന സാഹചര്യത്തിൽ റോഡ് യാത്രികരോടും ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മൂടൽമഞ്ഞ് പലയിടത്തും കാഴ്ച മറയ്ക്കാൻ ഇടയാക്കിയതിനാൽ, അനാവശ്യ യാത്രകൾ ഒഴിവാക്കാനും വാഹനമോടിക്കുമ്പോൾ മുൻകരുതൽ സ്വീകരിക്കാനും കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് നിർദ്ദേശിച്ചു.രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ താപനില 2 സെൽഷ്യസ് വരെ കുറയുമെന്നാണ് മുന്നറിയിപ്പ്. പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 10 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞ താപനിലയാകുമെന്നുംമുന്നറിയിപ്പുണ്ട്.