Cancel Preloader
Edit Template

കേരളത്തില്‍ അതിതീവ്രമഴ; 4 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

 കേരളത്തില്‍ അതിതീവ്രമഴ; 4 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 4 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ അളവില്‍ മഴയുണ്ടാകാനാണ് സാധ്യത. അത് മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും കാരണമായേക്കും. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, കരയിലേക്ക് പ്രവേശിച്ച ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ന്യൂനമര്‍ദമായി മാറി. പുതുച്ചേരിക്കും കല്‍പാക്കത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. തുടര്‍ന്ന് മണിക്കൂറില്‍ 60 കി.മീറ്ററായി വേഗത കുറഞ്ഞാണ് ന്യൂനമര്‍ദമായി മാറിയത്.

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് തീരം തൊട്ടതോടെ തമിഴ്‌നാട്ടിലെങ്ങും ഇന്നലെ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ശനിയാഴ്ച രാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. ഇതോടൊപ്പം ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 7.15 വരെയുള്ള കണക്കുകള്‍ പ്രകാരം പുതുച്ചേരിയില്‍ 504 മില്ലീമീറ്ററും വില്ലുപുരത്ത് 490 മില്ലീമീറ്ററുമാണ് മേഴ രേഖപ്പെടുത്തിയത്. രാവിലെ 11.30ഓടെ ആഴത്തിലുള്ള ന്യൂനമര്‍ദമായി ചുഴലിക്കാറ്റ് ദുര്‍ബലമായി.

കാഞ്ചിപുരത്ത് അണക്കെട്ടുകള്‍ നിറഞ്ഞൊഴുകി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങി. കൃഷ്ണനഗറില്‍ ഏകദേശം 500 ഓളം വീട്ടുകാരാണ് ഒറ്റപ്പെട്ടത്. ഇവിടെ ജലനിരപ്പ് അഞ്ചടിയോളം ഉയര്‍ന്നു. വൈകിട്ട് ആയപ്പോഴേക്കും ഇവിടെനിന്ന് നൂറിലധികം പേരെ രക്ഷിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്തു.

ചുഴലിക്കാറ്റിലും ഇതേതുടര്‍ന്നുള്ള മഴയിലും സംസ്ഥാനത്താകെ 9 മരണമാണ് റിപ്പോര്‍ട്ട്‌ചെയ്തത്. വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് മൂന്നു പേര്‍മരിച്ചപ്പോള്‍ മറ്റൊരാള്‍ മരരംവീണും മരിച്ചത്. മൂന്നു മരണങ്ങളും പുതുച്ചേരിയിലാണ്.
ചുഴലിക്കാറ്റ് ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരുഘട്ടത്തില്‍ പ്രവര്‍ത്തനം സാധ്യമല്ലെന്ന് കണ്ടതോടെ ശനിയാഴ്ച രാത്രിമുതല്‍ ഇന്നലെ രാവിലെ വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയുണ്ടായി. ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിക്കുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും റണ്‍വെ കൃത്യമായി കാണാന്‍ കഴിയാതെ ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും ഭൂമിയില്‍ തൊടുന്നതിനിടെ തെന്നിമാറിയതോടെ വിമാനം ലാന്‍ഡിങ് ഉപേക്ഷിച്ച് പറന്നുപൊങ്ങുകയായിരുന്നു. ലാന്‍ഡിങ് സമയത്ത് എതിര്‍ദിശയില്‍ കാറ്റ് വീശിയതാണ് (ക്രോസ് വിന്‍ഡ്) ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട 16 വിമാന സര്‍വിസുകള്‍ റദ്ദാക്കുകയുംചെയ്തു. ഉച്ചയോടെ ഭാഗികമായും വൈകീട്ടോടെ ഏറെക്കുറേ പൂര്‍ണമായും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനസ്ഥാപിച്ചു.

ഇന്നും മഴതുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രളയഭീഷണിനിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളും മറ്റും അടച്ചിട്ടു. ചില പ്രദേശങ്ങളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പുതുച്ചേരിയില്‍ എല്ലാ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധിയാണ്.

കാറ്റും ശക്തമായമഴയും കാരണം റെയില്‍ഗതാഗതവും താറുമാറായി. ചെന്നൈ മേഖലയില്‍ പലയിടങ്ങളിലും റെയില്‍പാളങ്ങള്‍ വെള്ളത്തിനടിയിലായി. തലസ്ഥാനനഗരിയിലെ ഏഴ് അണ്ടര്‍ ഗ്രൗണ്ട് റോഡുകള്‍ അടച്ചിട്ടു. നൂറുക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *