ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം ഫിന്‍ജാല്‍ ചുഴലിക്കാറ്റായി ഇന്ന് ഉച്ചയ്ക്ക് ശേഷം കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതുച്ചേരിയിലെ കാരക്കലിനും തമിഴ്നാട്ടിലെ മഹാബലിപുരത്തിനുമിടയില്‍ മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വേഗതയില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തമിഴ്നാട്ടില്‍ ചെന്നൈയില്‍ ഉള്‍പ്പെടെ വെള്ളപ്പൊക്ക ഭീഷണി നേരിടാനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിച്ചു.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട 16 വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി. വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുന്നതായി ഇന്‍ഡിഗോയാണ് അറിയിച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 5 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ബംഗളുരു, ഹൈദരാബാദ്, ഭുവനേശ്വര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തിരിച്ച് ചെന്നൈയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി. മുൻകരുതലെന്നോണം ജനങ്ങൾ ഫ്ലൈ ഓവറുകളിൽ കാറുകൾ പാർക്ക് ചെയ്തത് ഗതാഗതം തടസ്സപ്പെടാനും കാരണമായി.
പുതുച്ചേരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വടക്കന്‍ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത രണ്ട് ദിവസം തമിഴ്നാട്, പുതുച്ചേരി തീര ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി തീര ജില്ലകളില്‍ ശക്തമായ മഴ പെയ്യുകയാണ്.