കെ സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് തുടരും; ബിജെപി ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് കെ സുരേന്ദ്രന് തന്നെ വീണ്ടും തുടരും. സുരേന്ദ്രനെ മാറ്റേണ്ടതില്ലെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു പിറകെ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ടായിരുന്നു. പാലക്കാട്ടെ തോല്‍വിയെകുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചിരുന്നു.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സുരേന്ദ്രന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ദേശീയ നേതൃത്വത്തെയാണ് രാജിസന്നദ്ധത അറിയിച്ചത്. പാലക്കാട്ടെ സാഹചര്യം പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രനേതൃത്വം സുരേന്ദ്രനെ അറിയിക്കുകയും ചെയ്തു. പാലക്കാട്ടെ തോല്‍വിയില്‍ ബിജെപിയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി സുരേന്ദ്രനെ ഔദ്യോഗിക പക്ഷത്തെ നേതാക്കളും കൈയൊഴിഞ്ഞിരുന്നു.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുള്‍പ്പെടെയുള്ളവര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന പാളിച്ചയാണ് തോല്‍വിക്ക് പ്രധാനകാരണമെന്നാണ് നേതാക്കള്‍ പറയുന്നത്. പാലക്കാട് ബിജെപി നേതാക്കളെ പരസ്യപ്രതികരണത്തില്‍ നിന്ന് വിലക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് നഗരസഭാ അധ്യക്ഷയുടെ വിമര്‍ശനം വരെ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.