2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രാജിസന്നദ്ധ അറിയിച്ചെന്ന വാര്‍ത്ത തള്ളി കേന്ദ്രനേതൃത്വം. ബിജെപിയില്‍ ആരും രാജിവെക്കില്ലെന്നും ആരുടേയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും കേരള ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും അഭ്യൂഹം പ്രചരിപ്പിക്കുന്നുവെന്നും 2026ല്‍ പാലക്കാട് ബി.ജെ.പി ജയിക്കുമെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് അറിയിച്ച് കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്ന് ദേശീയ നേതൃത്വത്തോട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം,പാലക്കാട് നഗരസഭാ പരിധിയില്‍ നിന്ന് പതിനായിരത്തിലധികം വോട്ടുകള്‍ ചോരാനുണ്ടായ സാഹചര്യം ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെ വോട്ടുചോര്‍ച്ചയെ സംബന്ധിച്ച് വിശദമായ അവലോകനവും പഠനവും നടത്താനൊരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം. കഴിഞ്ഞ പത്ത് വര്‍ഷമായി നഗരസഭയില്‍ ബി.ജെ.പി തുടരുന്ന ആധിപത്യത്തിനാണ് ഈ ഉപതെരഞ്ഞെടുപ്പോടെ വിരാമമിട്ടിരിക്കുന്നത്.
എതിര്‍കക്ഷികള്‍ പോലും പ്രതീക്ഷിക്കാത്ത വിധം വലിയ ഭൂരിപക്ഷം യു.ഡി.എഫിന് ലഭിച്ചത് ബി.ജെ.പിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. വോട്ടുചോര്‍ച്ചക്കുള്ള കാരണം ഒരു മാസത്തിനകം പഠനവിധേയമാക്കി പരിഹാരമാര്‍ഗങ്ങളിലേക്ക് കടക്കാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്. പലഘട്ടങ്ങളിലും സന്ദീപ് വാര്യരെ തള്ളിപ്പറഞ്ഞെങ്കിലും നഗരസഭയിലെ വോട്ട് ചോര്‍ച്ചയില്‍ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടത് ബാധിച്ചിട്ടുണ്ടോ എന്നതും പരിശോധനവിധേയമാക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്.