Cancel Preloader
Edit Template

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ, അവസാനവട്ട കണക്കുകൂട്ടലിൽ മുന്നണികൾ

 രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ, അവസാനവട്ട കണക്കുകൂട്ടലിൽ മുന്നണികൾ

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെര‍ഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികൾ. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വിജയികൾ ആരെന്നതിൽ വ്യക്തതയുണ്ടാകും.

ഭരണവിരുദ്ധവികാരമുണ്ടെന്ന് വിശ്വസിക്കുന്ന യുഡിഎഫ്, സമകാലിക രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് മണ്ഡലങ്ങളിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. പോളിങ് കുറഞ്ഞ വയനാട്ടില്‍ അട്ടിമറിയൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാലും പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എത്ര എന്നതില്‍ മാത്രമാണ് ആകാംക്ഷ.

ചേലക്കര നിലനിർത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പാലക്കാട് സി.കൃഷ്ണകുമാറിന്‍റെ വിജയത്തിനായി കാത്തിരിക്കുകയാണ് ബിജെപി പ്രവർത്തകർ. തങ്ങളുടെ വോട്ടുകളെല്ലാം കൃത്യമായി പെട്ടിയിലാക്കിയിട്ടുണ്ടെന്നാണ് മുന്നണികളുടെ കണക്കുനിരത്തിയുള്ള അവകാശവാദം.

സിപിഎമ്മിന്റെയും, സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങൾ

മൂന്ന് ഉപതെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ സിപിഎമ്മിന്റെയും, സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. ഇടതു മുന്നണി യോഗവും ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റികളുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയുളള വിലയിരുത്തലുകൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടാകും. ചേലക്കരയില്‍ വിജയം സിപിഎം ഉറപ്പിക്കുന്നു. പാലക്കാട് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും പാർട്ടി കണക്കുകൂട്ടുന്നു. പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തിയാലും അത് ഗുണമാകുമെന്നാണ് വിലയിരുത്തൽ. ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാനെതിരെ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതും സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. വയനാട് വിജയപ്രതീക്ഷയില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിയുമെന്നാണ് സിപിഐ വിലയിരുത്തൽ. ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം കിട്ടാത്തതിലെ തുടർ പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ ഇടതുമുന്നണി യോഗം ഇന്ന് ഉച്ചക്ക് 12 മണിക്ക് എകെജി സെന്ററിൽ ചേരും.

Related post

Leave a Reply

Your email address will not be published. Required fields are marked *