സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്
കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.
സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലിസ് റിപ്പോര്‍ട്ട് കോടതി തള്ളി. പൊലിസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി.
കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയിരുന്നു. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തില്ല. വേദിയില്‍ ഉണ്ടായിരുന്നവരുടെ മൊഴികള്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സാക്ഷികളായ മാധ്യമപ്രവര്‍ത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണ്. അന്വേഷണം ധൃതി പിടിച്ചാണ് പൂര്‍ത്തീകരിച്ചത്. അന്വേഷണം കാലതാമസമില്ലാതെ തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ‘കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം’ എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗം.