ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കല്‍ എറണാകുളം മോഡല്‍ കേരളമൊട്ടാകെ
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ എറണാകുളം ജില്ലയില്‍ നടപ്പിലാക്കിയ ബോധവല്‍ക്കണം വിജയമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാൻ തീരുമാനം. എറണാകുളം ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ജില്ലയിലെ രണ്ട് ലക്ഷത്തിലധികം വീടുകളില്‍ എ.എം.ആര്‍(ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) ബോധവല്‍ക്കരണം പൂര്‍ത്തിയാക്കികഴിഞ്ഞു.
ആന്റിബയോട്ടിക് സാക്ഷരതയില്‍ ഏറ്റവും പ്രധാനമായ, സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യമിട്ടായിരുന്നു ഇത്. പരിശീലനം ലഭിച്ച 2257 ആശാ പ്രവര്‍ത്തകരാണ് എറണാകുളത്ത് വീടുകളിലെത്തി ബോധവല്‍ക്കരണം നടത്തുന്നത്. ഗ്രാമീണ മേഖല, നഗര മേഖല, ആദിവാസി മേഖല, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് അവബോധം നല്‍കിയത്. ഒരു മാസം ഒരാള്‍ 50 വീടുകള്‍ എന്ന കണക്കിലായിരുന്നു ബോധവല്‍ക്കരണം.
ഇതുകൂടാതെ വാര്‍ഡുതല കമ്മിറ്റികളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവബോധം നല്‍കി.
അതിഥി തൊഴിലാളികള്‍ക്ക് അവരവരുടെ ഭാഷകളിലാണ് ബോധവൽക്കരണം നല്‍കിയത്. ഇതിലൂടെ ആന്റിബയോട്ടിക് ഉപയോഗം വളരെയേറെ കുറയ്ക്കാനായി എന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി സംസ്ഥാനം മുഴുലൻ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ബോധവല്‍ക്കരണത്തിന് പുറമെ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് ആരംഭിക്കുകയും ചെയ്തിരുന്നു.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഇക്കൊല്ലം പൂര്‍ണമായും നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കൂടാതെ ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതിയും ആരംഭിച്ചിരുന്നു. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കാരണം മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.
ഇതുള്‍ക്കൊണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ബോധവൽക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. ഇതിൻ്റെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.