ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിക്കുന്നു, ഇന്ന് അവസാന പ്രവൃത്തി ദിനം
ന്യൂഡല്‍ഹി: സുപ്രിം കോടതിയുടെ 50ാമത് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ന് പടിയിറങ്ങുന്നു. 2022 നവബറിലാണ് ഡിവൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50ാമത്തെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്. ഒന്നാം നമ്പര്‍ കോടതിമുറിയില്‍ ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമാണ്. നവംബര്‍ 10ന് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഡിവൈ ചന്ദ്രചൂഡിന്റെ അവസാന പ്രവൃത്തിദിനം. എന്നാല്‍ ശനിയും ഞായറും അവധിയായതിനാലാണ് കോടതി മുറിയില്‍ ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനമാകുന്നത്.
അടുത്ത ചീഫ് ജസ്റ്റിസായി മുതിര്‍ന്ന ജഡ്ജി സഞ്ജീവ് ഖന്നയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അലിഗഡ് മുസ്്ലിം യൂണിവേഴ്സിറ്റിയുടെ, ന്യൂനപക്ഷ പദവി സംബന്ധിച്ച് കേസിലാണ് ഡിവൈ ചന്ദ്രചൂഡ് ഇന്ന് അവസാനത്തെ വിധി പറയുക.
അദ്ദേഹത്തിന് ഇന്ന് ജഡ്ജിമാരും അഭിഭാഷകരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കും.
ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടിയ ചന്ദ്രചൂഡ്, ഡല്‍ഹി സര്‍വകലാശാലയിലെ നിയമ ഫാക്കല്‍റ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും നേടിയിരുന്നു. അഭിഭാഷകനായി കരിയര്‍ ആരംഭിച്ച ചന്ദ്രചൂഡ് 2000 മാര്‍ച്ച് 29ന് ബോംബെ ഹൈകോടതി ജഡ്ജിയായി. സുപ്രീംകോടതിയുടെ എംബ്ലവും പതാകയും മാറ്റിയതും കണ്ണുതുറന്ന നിലയിലുള്ള നീതിദേവതയുടെ പുതിയ പ്രതിമ സ്ഥാപിച്ചതുമൊക്കെ വാര്‍ത്തയോടൊപ്പം വിമര്‍ശനങ്ങള്‍ക്കും വഴിതുറന്നിരുന്നു