Cancel Preloader
Edit Template

70 കഴിഞ്ഞവർക്കുള്ള ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ ഔദ്യോഗിക അറിയിപ്പിനു ശേഷം

 70 കഴിഞ്ഞവർക്കുള്ള ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ ഔദ്യോഗിക അറിയിപ്പിനു ശേഷം

തിരുവനന്തപുരം: എഴുപത് വയസ് പിന്നിട്ടിവർക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക അറിയിപ്പുകൾക്ക് ശേഷം മാത്രമാകുന്നതാണ് ഉചിതമെന്ന് അധികൃതർ. ആയുഷ്മാൻ ഭാരത് ഇൻഷുറൻസിന്റെ ഭാഗമായി, കേന്ദ്ര സർക്കാരാണ് പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്രത്തിൻ്റെ നിർദേശമനുസരിച്ച് സംസ്ഥാനതലത്തിലുള്ള മാർഗനിർദേശങ്ങൾ വൈകാതെ പുറത്തിറങ്ങും.പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ അതിനു ശേഷം നടത്തിയാൽ മതിയെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ ആശുപത്രികൾക്കും ലഭിക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത്, ഇതിൽ നൽകിയിരിക്കുന്ന പട്ടിക നോക്കി ആശുപത്രികളിൽ സൗജന്യ ചികിത്സ തേടിയെത്തിയവരെ ആശുപത്രി അധികൃതർ തിരിച്ചയക്കുന്ന സ്ഥിതിയുണ്ടായി.

ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരും നൽകുന്ന വിശദീകരണം. കേന്ദ്ര പോർട്ടലിൽ കേരളത്തെ 588 ആശുപത്രികളെ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതു സംബന്ധിച്ച് യാതൊരുവിധത്തിലുള്ള നിർദേശങ്ങളും ആശുപത്രികൾക്ക് ലഭിച്ചിട്ടില്ല.പദ്ധതിയിൽ ഉൾപ്പെട്ട സ്വകാര്യ ആശുപത്രികളുമായി സംസ്ഥാന സർക്കാരും പദ്ധതി സംബന്ധിച്ച് ആശയവിനിമയം നടത്തേണ്ടതായിട്ടുണ്ട്.

പദ്ധതി വിശദീകരിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കത്തയച്ചിരുന്നു. കേരളത്തിൽ 70 വയസു പിന്നിട്ട 26 ലക്ഷം പേർക്ക് പദ്ധതിപ്രകാരമുള്ള പരിരക്ഷ ലഭിക്കുമെന്ന് കത്തിൽ പറയുന്നു. ചികിത്സാചെലവിൻ്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടതെന്നും കത്തിലുണ്ട്.

എന്നാൽ പദ്ധതി നടപ്പാക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ചുള്ള നിർദേശങ്ങളൊന്നും കേന്ദ്രം സംസ്ഥാനത്തിന് നൽകിയിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ നിർദേശം പുറത്തിറക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. അതിനു ശേഷമാകും സംസ്ഥാനതലത്തിൽ നിർദേശങ്ങൾ പുറത്തിറക്കുക.

Related post

Leave a Reply

Your email address will not be published. Required fields are marked *