ആംബുലന്‍സില്‍ എത്തിയതിന് സുരേഷ്ഗോപിക്കെതിരെ കേസ്
തൃശൂര്‍: ആംബുലന്‍സില്‍ പൂര നഗരിയിലെത്തിയ സംഭവത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലിസ് കേസെടുത്തു. സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്കിയ പരാതിയിലാണ് കേസ്.
ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് പരാതി. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പൊലിസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഐ.പി.സി 279,34 മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188,192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.
തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷിന്റെ പരാതി.
രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലന്‍സ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ആംബുലന്‍സ് രോഗികള്‍ക്ക് സഞ്ചരിക്കാന്‍ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
പൂരം അലങ്കോലമായ രാത്രി വീട്ടില്‍ നിന്നും തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് സേവാഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തിയത്. ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ട ദിവസത്തെ സുരേഷ് ഗോപി ആംബുലന്‍സിലെത്തിയത് വലിയ വിവാദമായിരുന്നു. തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലന്‍സിലല്ലെന്ന് വാദിച്ച സുരേഷ് ഗോപി പിന്നീട് മലക്കം മറിഞ്ഞു. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പുതിയ വാദം. കാലിന് വയ്യാത്തതിനാലാണ് ആംബുലന്‍സില്‍ കയറിയത്. 15 ദിവസം കാല് ഇഴച്ചാണ് നടന്നതെന്നും രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ എടുത്താണ് തന്നെ ആംബുലന്‍സില്‍ കയറ്റിയതെന്നും ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്നുമാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.