Cancel Preloader
Edit Template

കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രതിസന്ധിയിൽ: കോടികൾ കുടിശ്ശിക, ഉടൻ തന്നില്ലെങ്കിൽ പിൻമാറും, ആശുപത്രികളുടെ കത്ത്

 കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രതിസന്ധിയിൽ: കോടികൾ കുടിശ്ശിക, ഉടൻ തന്നില്ലെങ്കിൽ പിൻമാറും, ആശുപത്രികളുടെ കത്ത്

തിരുവനന്തപുരം : കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പ് ഗുരുതര പ്രതിസന്ധിയിൽ. കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടൻ നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിന്‍മാറുമെന്ന് കാണിച്ച് പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്‍റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നല്കി. ഒരോ കോളേജിനും 40 കോടി രൂപ വരെ സർക്കാർ നൽകാനുണ്ടെന്നും പത്ത് മാസമായി ഒരു പൈസ പോലും കിട്ടിയിട്ടില്ലെന്നും കത്തിന്‍റെ പകർപ്പിൽ പറയുന്നു. അഞ്ഞൂറ് കോടിയിലേറെ രൂപ തങ്ങള്‍ക്ക് കുടിശിക ഉണ്ടെന്ന് കാണിച്ച് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന‍റ് അസോസിയേഷനും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ദാരിദ്യരേഖക്ക് താഴെ കഴിയുന്ന 45 ലക്ഷം സാധാരണക്കാരാണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇവരാണ് പ്രതിസന്ധിയിലായത്. സ്വകാര്യമേഖലയിൽ നിന്നടക്കം സൗജന്യമായി വിദഗ്ദ ചികിൽസ നൽകുന്ന പദ്ധതി ആരോഗ്യരംഗത്തെ അഭിമാന നേട്ടമായി ഇടതു സർക്കാർ ഉയർത്തിക്കാണിക്കുമ്പോഴും പക്ഷെ പദ്ധതി നേരിടുന്നത് ഗുരുതര പ്രതിസന്ധിയാണെന്ന് വ്യക്തമാണ്. ‘

സൗജന്യചികിൽസ നല്‍കിയതിലൂടെ ഓരോ മെഡിക്കൽ കോളേജിനും മുപ്പതിനും നാല്പത് കോടിക്കുമിടയില്‍ കുടിശികയുണ്ടെന്ന് പ്രൈവറ്റ് മെഡിക്കൽകോളേജ് മാനേജ്മെന്‍റ് അസോസിയേഷനും പറയുന്നു. കഴിഞ്ഞ പത്ത് മാസമായി ഒരു പൈസ പോലും കിട്ടിയിട്ടില്ലെന്നും കത്തിലുണ്ട്. ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുകയാണെന്ന് മാനേജ്മെന്‍റ് പറയുന്നു.

കുടിശിക ഉടൻ നല്‍കിയില്ലെങ്കിൽ പദ്ധതിയിൽ നിന്നും പിന്‍മാറുമെന്ന് കാട്ടി പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്‍റ് അസോസിയേഷൻ കഴിഞ്ഞ 19 നാണ് മുഖ്യമന്ത്രിക്ക് കത്ത് നല്കയിരിക്കുന്നത്. ഇതേ അവസ്ഥയിലാണ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന‍്റ് അസോസിയേഷനും. 1500ലധികം അംഗങ്ങളുള്ള തങ്ങള്‍ക്ക് 500 കോടി രൂപയുടെ കുടിശിക ഉണ്ടെന്ന് അസോസിയേഷന് പറയുന്നു. കുടിശിക ഉണ്ടെന്ന് സമ്മതിക്കുമ്പോഴും പക്ഷെ മാനേജ്മെന്‍റുകൾ പറയുന്ന അത്രയും തുക നല്കാനില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ഈ വര്‍ഷം ഇത് വരെ മൊത്തം 500 കോടി രൂപ കാരുണ്യ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ടെന്നും ഈ തുകയുടെ 40 ശതമാനം സ്വകാര്യമേഖലക്ക് കിട്ടിയിട്ടുണ്ട് എന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *