സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്തവാളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി
ന്യൂഡല്‍ഹി: തുടരെത്തുടരെ ബോംബ് ഭീഷണി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി (ബി.ടി.എ.സി) ടീമിനെ വിന്യസിച്ചു. രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് വിമാന സര്‍വിസുകള്‍ക്ക് 400ലധികം വ്യാജ ബോംബ് ഭീഷണിയാണ് വന്നത്. തുടര്‍ന്നാണ് വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ഭീകരവിരുദ്ധ ഏജന്‍സിയുടെ തീരുമാനം. ഭീഷണികളോടും അടിയന്തര സാഹചര്യങ്ങളോടും അതിവേഗത്തില്‍ പ്രതികരിക്കാന്‍ ഈ പ്രത്യേക യൂണിറ്റിന് കഴിയും.
തുടര്‍ച്ചയായി ബോംബ് ഭീഷണികള്‍ ലഭിക്കുന്നത് യാത്രക്കാരുടെ സുരക്ഷക്കും ദേശീയ സുരക്ഷക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപക ആശങ്കയ്ക്ക് കാരണമായിരുന്നു. എന്‍.ഐ.എയുടെ സൈബര്‍ വിഭാഗം ഈ ഭീഷണി കോളുകളുടെ ഉറവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറ്റ് സുരക്ഷാ ഏജന്‍സികളുമായി സഹകരണത്തോടെയാണ് എന്‍.ഐ.എ പ്രവര്‍ത്തിക്കുന്നത്. ഭീഷണി കോളുകള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനും വിമാനത്താവളങ്ങളില്‍ വര്‍ദ്ധിപ്പിച്ച സുരക്ഷാ നടപടികള്‍ നടപ്പിലാക്കുന്നതിനും ഈ അന്തര്‍ ഏജന്‍സി സഹകരണം നിര്‍ണായകമാണ്. സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര എന്നീ വിമാന സര്‍വീസുകളെയും ഭീഷണി ബാധിച്ചിട്ടുണ്ട്.