വടക്കൻ മലബാറിലെ പൂരക്കാലം തുടങ്ങുന്നു: കടലുണ്ടി വാവുത്സവത്തിന് പേടിയാട്ടു കാവിൽ കൊടിയേറി
പേടിയാട്ടുകാവും കടലുണ്ടിയിലെ വാവുത്സവവും അനേകം പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ്. വടക്കൻ കേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിയ്ക്കുന്ന ഉത്സവമാണ് കടലുണ്ടി വാവുത്സവം. പരിഷ്ക്കാരത്തിന്റെ പിന്നാലെ പോകാതെ പുരാതന ആചാരാനുഷ്ഠാനങ്ങൾക്ക് ഒരു മാറ്റവും വരുത്താതെ പാലിച്ചുവരുന്ന ഒരു ക്ഷേത്രമാണ് കടലുണ്ടിയിലെ പേടിയാട്ടു കാവ്.
ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ചരിത്ര പ്രസിദ്ധമായ കടലുണ്ടി വാവുത്സവത്തിന് പേടിയാട്ടു കാവിൽ കൊടിയേറി.
ഇന്ന് രാവിലെ ഏഴു മണിയോടെ പനയമഠം തറവാട്ടു കാരണവർ പ്രഭാകരൻ നായരുടെ നേതൃത്ത്വത്തിൽ മറ്റ് അവകാശികളുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം.
നവംബർ ഒന്ന് വെള്ളിയാഴ്ചയാണ് ഇത്തവണത്തെ വാവുത്സവം.
ഉത്സവത്തിനു മുന്നോടിയായുള്ള കുന്നത്ത് തറവാട്ടിലെ കൊടിയേറ്റം തിങ്കളാഴ്ച നടക്കും.
30ന് ബുധനാഴ്ച വൈകീട്ടു മൂന്നിനാണ് വാവുത്സവത്തിലെ പ്രധാന ചടങ്ങായ ജാതവൻ പുറപ്പാട്.
മണ്ണൂർ കാരകളിപ്പറമ്പിലെ കോട്ടയിൽ നിന്നാരംഭിക്കുന്ന ജാതവൻ പുറപ്പാടിന് കുടിൽ പുരക്കൽ തറവാട്ടിലെ മൂത്ത പെരുവണ്ണാൻ്റെ നേതൃത്ത്വത്തിൽ ഒരുക്കങ്ങളാരംഭിച്ചു.
നാടൊട്ടുക്കും ഉത്സവം അറിയിച്ചു കൊണ്ടുള്ള ഊരുചുറ്റലിന് ശേഷം നവംബർ ഒന്നിന്ന് രാവിലെ വാക്കടവിൽ എത്തുന്ന ജാതവൻ, അമ്മ ഭഗവതിയെ കണ്ടുമുട്ടി നീരാട്ടിനു ശേഷം ഇരുവരും ഒന്നിച്ചു തിരിച്ചെഴുന്നള്ളുന്നതാണ് വാവുത്സവം