Cancel Preloader
Edit Template

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

 കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാന, ജില്ലാതല കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എപ്പോൾ രൂപീകരിക്കാനാവുമെന്ന് രണ്ടാഴ്ചക്കം അറിയിക്കണമെന്ന് സർക്കാറിനോട് ഹൈക്കോടതി. കൗൺസിൽ രൂപീകരണവുമായി ബന്ധപ്പെട്ട സമയപരിധി സംബന്ധിച്ച് സിവിൽ സപ്ലൈസ് സെക്രട്ടറി അറിയിക്കണം. നിശ്ചിത തീയതിക്കകം അറിയിക്കാതിരിക്കുകയോ വിശദീകരണം തൃപ്തികരമല്ലെങ്കിലോ സമയപരിധി കോടതി തന്നെ തീരുമാനിച്ച് സർക്കാറിനെ കൊണ്ട് നടപ്പാക്കാൻ ബാധ്യസ്ഥരാക്കുമെന്നും ചീഫ് ജസ്റ്റിസ് നിദിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് നിലവിൽ വന്ന് അഞ്ച് വർഷം കഴിഞ്ഞിട്ടും കൗൺസിലുകൾ രൂപീകരിക്കാത്ത നടപടിയെ വിമർശിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സംസ്ഥാന, ജില്ലതല ഉപഭോക്തൃ കമ്മിഷനുകളുടെ അടിസ്ഥാന സൗകര്യമില്ലായ്മയും ജീവനക്കാരുടെ അപര്യാപ്തതയുമടക്കം ചൂണ്ടിക്കാട്ടി അഭിഭാഷക പരിഷത്ത് കൊല്ലം ജില്ലാ സെക്രട്ടറി സി.കെ. മിത്രൻ അഡ്വ. റോണി ജോസ് മുഖേന നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. സർക്കാരിന് സമയപരിധി സംബന്ധിച്ച വിശദീകരണം നൽകാൻ സമയം അനുവദിച്ച കോടതി ഹരജി വീണ്ടും നവംബർ ഒന്നിന് പരിഗണിക്കാനായി മാറ്റി.

സംസ്ഥാന, ജില്ല ഉപഭോക്തൃ കമ്മിഷനുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആക്ട് പ്രകാരം മതിയായ സൗകര്യങ്ങളോ ഉദ്യോഗസ്ഥരോ ജീവനക്കാരോ പൊലിസ് ഉദ്യോഗസ്ഥരോ ഇല്ലെന്ന് ഹരജിയിൽ പറയുന്നു. ഉപഭോക്തൃ മന്ത്രി ചെയർപേഴ്സണായ സംസ്ഥാന തല കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലും ജില്ലാകലക്ടർ ചെയർപേഴ്സണായ ജില്ലാതല കൗൺസിലും ഇതുവരെ രൂപീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സർക്കാർ സമർപ്പിച്ച വിശദീകരണം ആരോപണം ശരിവെക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്തിലധികം വരാത്ത ഔദ്യോഗിക -അനൗദ്യോഗിക അംഗങ്ങളെ കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്യേണ്ടതുണ്ടെന്നും പല തവണ അറിയിച്ചിട്ടും നടപടിയില്ലെന്നായിരുന്നു സർക്കാറിൻ്റെ വിശദീകരണം.

ജില്ലാ തലത്തിൽ അംഗങ്ങളെ കലക്ടർമാർ നിർദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. എന്നാൽ, അഞ്ച് വർഷം കഴിഞ്ഞിട്ടും ഇത്തരം ഒഴിവുകഴിവുകൾ അംഗീകരിക്കാനാവില്ലെന്നും കോടതി വിമർശിച്ചു. പ്രതിനിധികളെ ആവശ്യപ്പെട്ട് പല തവണ കേന്ദ്രത്തോട് ബന്ധപ്പെട്ടുവെന്ന് പറയുമ്പോഴും രേഖകൾ ഹാജരാക്കിയിട്ടില്ല. 2022ൽ ഈ ഹർജി വന്ന ശേഷവും കേന്ദ്രത്തോട് വിശദാംശങ്ങൾ തേടിയതായും കാണുന്നില്ല.

മാത്രമല്ല, കമ്മിഷനുകളുടെ കാര്യത്തിൽ അടിസ്ഥാന സൗകര്യവികസനം, പൊലിസിന്റെയും ജീവനക്കാരുടേയും നിയമനം എന്നിവയിലും ക്രിയാത്മക സമീപനം ഉണ്ടായിട്ടില്ലെന്നാണ് കാണാനാവുന്നത്. ഉപഭോക്തൃ അവകാശങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള സംസ്ഥാന, ജില്ലാതല കൗൺസിലുകൾ ഇതുവരെ രൂപീകരിക്കാത്ത നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് കൗൺസിൽ രൂപീകരണം സംബന്ധിച്ച് സമയപരിധി അറിയിക്കാൻ കോടതി നിർദേശിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *