Cancel Preloader
Edit Template

എ.ഡി.എമ്മിന്റെ മരണം: പ്രശാന്തനെ പിരിച്ചുവിടും

 എ.ഡി.എമ്മിന്റെ മരണം: പ്രശാന്തനെ പിരിച്ചുവിടും

Health minister Veena George addresses media in Thiruvananthapuram. Photo: Screengrab/ Manorama News

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനായ ടി.വി പ്രശാന്തനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പ്രശാന്തന്‍ സര്‍വീസിലിരിക്കെ പെട്രോള്‍ പമ്പ് ആരംഭിച്ചതിനെക്കുറിച്ചാണ് അന്വേഷണം.

പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, താല്‍ക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പ്രശാന്തന്‍ ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കില്ല. പ്രശാന്തിനെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഇയാള്‍ സര്‍വീസില്‍ തുടരാന്‍ പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. ഇയാള്‍ ആഗിരണ പ്രക്രിയയില്‍ ഉള്‍പ്പെട്ട ജീവനക്കാരനാണ്. എങ്കിലും ഇപ്പോഴുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാളെ കണ്ണൂരിലെത്തുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ, നിലവിലുണ്ടായിരുന്നവരെ അതേ ശമ്പളത്തോടെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും നഴ്സുമാരും അടക്കം കുറച്ചുപേരെ മാത്രമാണ് സര്‍ക്കാര്‍ സര്‍വീസിലേക്ക് എടുത്തത്. ബാക്കിയുള്ളവരെ സര്‍വീസിലേക്ക് എടുക്കാനുള്ള ആഗിരണ പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള ലിസ്റ്റില്‍ പ്രശാന്തനും ഉള്‍പ്പെട്ടിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ഇലക്ട്രീഷ്യനായിട്ടാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ പമ്പു തുടങ്ങാന്‍ ഇയാളുടെ അപേക്ഷ കിട്ടിയിട്ടില്ല. മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും അത്തരത്തിലൊരു തെളിവുമില്ലെന്നാണ് അറിയിച്ചത്. സംഭവത്തില്‍ കണ്ണൂരില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ ഇതേപ്പറ്റി വിശദമായി അന്വേഷിക്കാനാണ് വകുപ്പിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനായ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ ഐഎഎസിനെ തന്നെ കണ്ണൂരിലേക്ക് അയക്കുന്നത്. മെഡിക്കല്‍ എജ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ വിശ്വനാഥനുമാണ് കണ്ണൂരിലെത്തി പ്രശാന്തനുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കുക. നാളെത്തന്നെ സംഘം കണ്ണൂരിലേക്ക് പോകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രശാന്തനെ അടക്കം അക്കോമഡേറ്റ് ചെയ്തതായിട്ടാണ് കണ്ണൂരില്‍ നിന്നും അറിയിച്ചത്. അതുപ്രകാരം ഇയാള്‍ക്ക് സര്‍വീസ് ചട്ടം ബാധകമല്ലേ, ചട്ടലംഘനമുണ്ടായിട്ടുണ്ടോ എന്നിവയെല്ലാം അഡീഷല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *