Cancel Preloader
Edit Template

എഡിഎമ്മിൻ്റെ മരണം: പെട്രോൾ പമ്പ് അനുമതിയിൽ അന്വേഷണം തുടങ്ങി കേന്ദ്രം, ബിപിസിഎല്ലിനോട് റിപ്പോർട്ട് തേടി

 എഡിഎമ്മിൻ്റെ മരണം: പെട്രോൾ പമ്പ് അനുമതിയിൽ അന്വേഷണം തുടങ്ങി കേന്ദ്രം, ബിപിസിഎല്ലിനോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം: എഡിഎമ്മിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പിൻ്റെ അനുമതിയിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങി. കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന് മരിക്കുന്നതിന് മുൻപ് ഡിഎംഒ പെട്രോൾ പമ്പിന് അനുമതി നൽകിയിരുന്നു. പ്രശാന്തിന് പെട്രോൾ പമ്പ് നടത്താൻ എൻഒസി ലഭിച്ചതിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയുടെ നിർദേശ പ്രകാരമാണ് പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങിയത്. പ്രശാന്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ബെനാമിയാണെന്നും, പെട്രോൾ പമ്പിനുള്ള അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ നേരത്തെ സുരേഷ് ഗോപിക്ക് പരാതി നൽകിയിരുന്നു. ചെങ്ങളായിലെ ക്രിസ്ത്യൻ പള്ളിയുടെ ഉടമസ്ഥതയിലുള്ള 40 സെന്റ് സ്ഥലം 20 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പ്രശാന്ത് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതി തേടിയത്.

കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂ‍ർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടാണ് വിവാദം. പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്താണ് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോൾ പമ്പിന് എൻഒസി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തോട് ചേർന്ന് റോഡിൽ വളവുണ്ടായിരുന്നതിനാൽ അതിന് അനുമതി നൽകുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാൽ സ്ഥലംമാറ്റമായി കണ്ണൂർ വിടുന്നതിന് രണ്ട് ദിവസം മുൻപ് നവീൻ ബാബു പമ്പിന് എൻഒസി നൽകി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നൽകിയതെന്നുമാണ് പിപി ദിവ്യ യാത്രയയപ്പ് പരിപാടിയിൽ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

എന്നാൽ എഡിഎം അഴിമതിക്കാരനല്ലെന്നും കറകളഞ്ഞ ഉദ്യോഗസ്ഥനാണെന്നും സിപിഎം നേതാക്കളും മന്ത്രിമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഒന്നിന് പുറകെ ഒന്നായി സാക്ഷ്യപ്പെടുത്തുകയായിരുന്നു. നവീൻ ബാബുവിനൊപ്പം ജോലി ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥർ വരെ സങ്കടം സഹിക്കാതെ പൊട്ടിക്കരയുന്ന നിലയുണ്ടായി. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായ പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. മരിച്ച എഡിഎമ്മിൻ്റെ മൃതദേഹം പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *