കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എ.ഡി.ജി.പി ആര്.എസ്.എസ് അധികാരിയെ കാണുന്നത്; ആര്.എസ്.എസ് നേതാവ് എ.ജയകുമാര്‍

കൊച്ചി: എ.ഡി.ജി.പി.- ആര്.എസ്.എസ്. കൂടിക്കാഴ്ച വിവാദത്തില്‍ പ്രതികരിച്ച് ആര്.എസ്.എസ്. സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍. ഇത് ആദ്യമായിട്ടല്ല കേരളത്തിലെ ഒരു എ.ഡി.ജി.പി., ആര്.എസ്.എസ്. അധികാരിയെ കാണാന്‍ വരുന്നതെന്നും ഐ.എ.എസുകാരും ഐപിഎസുകാരും ചീഫ് സെക്രട്ടറിയും വരെ ആര്.എസ്.എസ്. നേതൃത്വവുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും ജയകുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു പ്രതികരണം.
സന്ദര്‍ശനത്തില്‍ അസ്വാവാഭാവികത ഇല്ല. സ്വകാര്യ സന്ദര്‍ശനങ്ങള്‍ പതിവാണ്. ഇത് വരെ കണ്ടവരുടെ എണ്ണം നോക്കി നോട്ടീസ് അയച്ചാല്‍ അതിനായി പുതിയ വകുപ്പ് തുടങ്ങേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
‘ഞാന്‍ എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ( CET, TVM) കഴിഞ്ഞു പൊതുപ്രവര്‍ത്തനം രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ അര്‍പ്പിച്ചിട്ടു മൂന്നര പതിറ്റാണ്ടു കഴിഞ്ഞു. നാഗപ്പുരും ഡല്‍ഹിയിലും ആയിരുന്നു ഏറിയ പങ്കും ചിലവഴിച്ചത്. വിദ്യാഭ്യാസവും ശാസ്ത്രവും സാങ്കേതിക വിദ്യയും ആയിരുന്നു എന്റെ പ്രവര്‍ത്തന മേഖല. കഴിഞ്ഞ ആഴ്ചയില്‍ മെട്രോമാന് എന്നറിയപ്പെടുന്ന ഇ ശ്രീധരന് സാറിന്റെ വീട്ടിലിരിക്കുമ്പോള്‍ ഒരു മാധ്യമ പ്രവര്ത്തകന് ഫോണിലൂടെ ചോദിച്ചു, ഡിജിപി ഓഫീസില്‍ നിന്നും തെളിവെടുപ്പിനായുള്ള നോട്ടീസ് കിട്ടിയോ എന്ന്. തെല്ലൊരു ആശ്ചര്യത്തോടും എന്നാല്‍ നിസ്സംഗതയോടും എനിക്കു ഇതിനെ കുറിച്ചറിയില്ല എന്നറിയിച്ചു. പിന്നെ ചാനലുകള്‍ കാണുമ്പോഴാണ്, ഡിജിപി ഓഫിസില്‍ നിന്നും ആര്‍എസ്എസ് നേതാവ് എ ജയകുമാറിന് നോട്ടീസ് അയച്ച കാര്യം അറിയുന്നത് .
രഷ്ട്രീയ സ്വയംസേവക സംഘത്തിലെ മുതിര്‍ന്ന അധികാരികളെ, പൊതു പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അനൗപചാരികമായി കാണുന്നതും, ആശയങ്ങള്‍ പങ്കിടുന്നതും സംശയങ്ങള്‍ ദൂരീകരിക്കുന്നതും 1925ല്‍ ആര്‍എസ്എസ് തുടങ്ങിയ കാലം മുതല്‍ ഉള്ള ഒരു സംവിധാനം ആണ്. സംഘത്തിന്റെ സാംസ്കാരിക ജൈത്ര യാത്രയില്‍, വന്നു കണ്ടവരുടെയും അങ്ങോട്ട് പോയി ആശയങ്ങള്‍ കൈമാറിയവരുടെയും ലിസ്റ്റ് എടുത്താല്‍ പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, സിവില്‍ സര്‍വീസ്സുകാര്‍ തൊട്ടു സാധാരണ മനുഷ്യര്‍ വരെ പതിനായിരക്കണക്കിന് ആള്ക്കാര് വരും.
കേരളത്തില്‍ ആദ്യമായിട്ടല്ല ഒരു എഡിജിപി ആര്‍എസ്എസിന്റെ അധികാരിയെ കാണാന്‍ വരുന്നത്. ഇന്ന് സര്‍വിസില്‍ തുടരുന്ന എത്രയോ ഐപിഎസ് കാരും ഐഎഎസുകാരും എന്തിനേറെ ചീഫ് സെക്രെട്ടറിമാര്‍ വരെ ആര്‍എസ്എസ് നേതൃത്വവും ആയി സ്വകാര്യ സംഭാഷണങ്ങളില്‍ പങ്കെടുത്തിട്ടുള്ളവരാണ് . ഇതില്‍ നിരവധി പേര് ആര്‍എസ്എസ് കാര്യാലയങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവരാണ് . ഇവരുമായുള്ള സ്വകാര്യ സംഭാഷണങ്ങളില്‍ നാടിന്റെ ഉയര്‍ച്ചക്കും നാട്ടുകാരുടെ വളര്‍ച്ചക്കും വേണ്ടി ആര്‍എസ്എസിന് പങ്കു നിര്‍വഹിക്കാനുള്ള ഭാവാത്മക ചര്‍ച്ചകളാണ് നടക്കുക.
എന്റെ പൊതു ജീവിതത്തില്‍ ഞാന്‍ ചെന്നു കണ്ടവരുടെയും എന്നെ വന്നു കണ്ടവരുടെയും എന്നൊടൊപ്പം വന്ന് സംഘ അധികാരികളെ കണ്ട മറ്റു ഉദ്യോഗസ്ഥന്മാരുടെയും ലിസ്റ്റ് തെരഞ്ഞുപോയാല്‍ അതില്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും , മത വിഭാഗങ്ങളിലും പെടുന്ന നൂറു കണക്കിനു നേതാക്കള്‍ ഉണ്ടാകും . അതിനൊക്കെ എനിക്കു നോട്ടീസ് അയക്കാന്‍ തുടങ്ങിയാല്‍ ഇതിനായി ഒരു പുതിയ ഡിപ്പാര്‍ട്ട്മെന്റ്t സര്‍ക്കാര്‍ ആരംഭിക്കേണ്ടി വരും.
ആര്‍എസ്എസ് ഒരു ലക്ഷത്തോളം ശാഖകളുള്ള 40 ഓളം മറ്റു സംഘടനകളിലൂടെ 20 കോടിയിലധികം അംഗങ്ങളുള്ള പ്രസ്ഥാനം ആണ്. അതുകൊണ്ട് തന്നെ ഭാവനാ സമ്പന്നരും ക്രിയാ ശേഷിയുള്ളവരും ആയ നിസ്വാര്‍ത്ഥരായ ഉദ്യോഗസ്ഥരും പൊതു പ്രവര്‍ത്തകരും എല്ലാ കാലത്തും ആര് എസ്സ് എസ്സുമായി സംവദിച്ചിരുന്നു. അത് തുടരുകയും ചെയ്യും.