Cancel Preloader
Edit Template

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

 അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

കോഴിക്കോട്:ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളുമേറ്റുവാങ്ങി അര്‍ജുന്‍ മടങ്ങി. ഇനി അവന്‍ നാടിന് കണ്ണീരോര്‍മ. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായി 72ാം ദിവസം പുഴയില്‍ നിന്നും കണ്ടെടുത്ത അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പൊതുദര്‍ശനത്തിന് ശേഷം അനിയന്‍ അഭിജിത്തും ബന്ധുക്കളും ചേര്‍ന്ന് അന്ത്യകര്‍മങ്ങള്‍ നടത്തി. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി.

ഒരായുസു മുഴുവന്‍ ഓര്‍മിക്കാനുള്ള സ്‌നേഹവും കരുതലും നല്‍കിയാണ് അര്‍ജുന്‍ അകന്നുപോയത്. മനസില്‍ തീരാനോവിന്റെ കടല്‍ തീര്‍ത്തിട്ടാണ് അര്‍ജുന്റെ മടങ്ങി വരവ്. നീണ്ട കാത്തിരിപ്പിലായിരുന്നു മലയാളികള്‍ മുഴുവനും. അര്‍ജുനെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത, ഒരുപരിചയവുമില്ലാത്ത നിരവധി പേരാണ് കണ്ണാടിക്കലിലെ വീട്ടില്‍ എത്തുന്നത്. എന്തുപറഞ്ഞ് കുടുംബത്തെ സമാധാനിപ്പിക്കുമെന്നറിയാതെ നിസ്സഹായതയിലാണ് നാട്ടുകാര്‍.

കണ്ണീര്‍വറ്റിയ പ്രിയപ്പെട്ടവര്‍ക്കരികിലേക്ക് നിത്യനിദ്രയ്ക്കായി അര്‍ജുനെത്തിയപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തി ആയിരക്കണക്കിനാളുകള്‍. മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്.

അര്‍ജുന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നത്. പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ അവിടെയും നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. കാസര്‍കോട് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പൊലിസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിടുകയും ചെയ്തു. പിന്നീട് ആറ് മണിയോടെയാണ് അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് എത്തിയത്. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്ടറടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കൊപ്പം കേരള, കര്‍ണാടക പൊലിസും അനുഗമിക്കുന്നുണ്ട്. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയില്‍ ഒപ്പമുണ്ട്.

ജൂലൈ 16 നാണ് കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവറായ അര്‍ജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന് ശേഷവും ഷിരൂരില്‍ കനത്ത മഴയായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാവുകയായിരുന്നു. ഗോവയില്‍ നിന്നു ഡ്രഡ്ജറടക്കം എത്തിച്ച് അര്‍ജുന്‍ മിഷന്‍ പുനരാരംഭിച്ചു. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തിയത്. ക്യാബിനില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *