Cancel Preloader
Edit Template

അർജുന്റെ ലോറിയിൽ മകന്റെ കുഞ്ഞുകളിപ്പാട്ടവും; ‍‍ഫോണും വാച്ചും പാത്രങ്ങളും; അവശേഷിക്കുന്നത് കണ്ണീർക്കാഴ്ചകൾ

 അർജുന്റെ ലോറിയിൽ മകന്റെ കുഞ്ഞുകളിപ്പാട്ടവും; ‍‍ഫോണും വാച്ചും പാത്രങ്ങളും; അവശേഷിക്കുന്നത് കണ്ണീർക്കാഴ്ചകൾ

ഷിരൂർ: 72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോ​ഗിച്ച ഒട്ടുമിക്ക വസ്തുക്കളും കണ്ടെടുത്തു. അർജുന്റെ ബാ​ഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോ​ഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്.

മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അർജുന്റെ ലോറിയിൽ. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു. ഇത്തരം കുഞ്ഞുകളിപ്പാട്ടങ്ങളാണ് അര്‍ജുന്‍ മകന് വാങ്ങിക്കൊടുത്തിരുന്നത്.

ഇന്ന് രാവിലെയാണ് ഗംഗാവലി പുഴയില്‍ നിന്ന് ലോറി പൂര്‍ണ്ണമായി കരക്കെത്തിച്ചത്. ലോറി കരക്കെത്തിച്ച സമയത്ത് ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. കാബിന്റെ ഭാ​ഗത്തുള്ള ചെളി നീക്കിയപ്പോഴാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കിട്ടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അർജുന്റെ ശരീരഭാ​ഗങ്ങളും ലോറിയും ​ഗം​ഗാവലി പുഴയിൽ നിന്നും കണ്ടെത്തിയത്.

അര്‍ജുന്‍റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹത്തെ കര്‍ണാടക പൊലീസും അനുഗമിക്കും. പൊലീസ് സംരക്ഷണയോടെ ആയിരിക്കും കേരളത്തിലേക്കുള്ള യാത്ര. മൃതദേഹം എങ്ങനെ കൊണ്ടുപോകണം എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും.

നാളെ ഉച്ചയോടെ ഡിഎന്‍എ പരിശോധനാ ഫലം എത്തും. എല്ലിന്‍റെ ഒരു ഭാഗമെടുത്താണ് മംഗളൂരു എഫ്എസ്എല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കാര്‍വാര്‍ ആശുപത്രിയിലുള്ള മൃതദേഹത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ലോറിയില്‍ നിന്നും അര്‍ജുന്‍ ഉപയോഗിച്ച ഓരോ വസ്തുക്കളും നോക്കി പെറുക്കിയെടുക്കുന്ന അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ് ജിതിനും അനിയന്‍ അഭിജിത്തും അവിടുത്തെ ചങ്കുലയ്ക്കുന്ന കാഴ്ചയായി മാറുന്നു. ഒന്നും വിടാതെ വീട്ടിലേക്ക് തിരികെ കൊണ്ടു വരണമെന്നാണ് അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞിട്ടുള്ളത്. പ്രിയപ്പെട്ടതെല്ലാം ബാക്കിവെച്ച് പ്രിയപ്പെട്ടവരെ തനിച്ചാക്കി കണ്ണാടിക്കല്‍ വീട്ടിലേക്ക് ചേതനയറ്റ് തിരികെ വരാനൊരുങ്ങുകയാണ് അര്‍ജുന്‍.

Related post

Leave a Reply

Your email address will not be published. Required fields are marked *