നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം. നാളെ സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. 26 മണ്ഡലങ്ങളാണ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ വിധിയെഴുതുന്നത്. ശ്രീനഗര്‍ ജില്ലാ ഉള്‍പെടുന്ന, ലാല്‍ചൗക്ക്, ഹസ്രത്ത്ബാല്‍, ഈദ് ഗാഹ്, രജൗരി, നൗഷേര, പൂഞ്ച് തുടങ്ങി 26 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. 238 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
നാഷണല്‍ കോണ്‍ഫ്രന്‍സ് വൈസ് പ്രസിഡന്റും മുന്‍മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധര്‍ബല്‍ മണ്ഡലത്തില്‍ ശക്തമായ പ്രചാരണമാണ് നടന്നത്. ജമ്മു കശ്മീരില്‍ ഒന്നാം ഘട്ടത്തിലെ പോളിംഗ് ശതമാനം ഉയര്‍ന്നത് രണ്ടും മൂന്നും ഘട്ടത്തില്‍ ആവര്‍ത്തിക്കും എന്നാണ് പാര്‍ട്ടികളുടെ വിലയിരുത്തല്‍.
പ്രചാരണം ചൂട് പിടിച്ച ഹരിയാനയില്‍ കോണ്‍ഗ്രസ് ദലിത് വിരുദ്ധ പാര്‍ട്ടിയാണെന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. ഹരിയാനയിലെ പിന്നാക്ക വോട്ടുകള്‍ ഏകോപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജാതി സമവാക്യങ്ങള്‍ ഉയര്‍ത്തി വോട്ടു നേടാനാകുമെന്നാണ് ബി.എസ്.പി ലോക്ദള്‍ സഖ്യത്തിന്റെ കണക്കുകൂട്ടല്‍.
കോണ്‍ഗ്രസിലെ ഹൂഡ ശെല്‍ജ വിവാദങ്ങള്‍ ഉയര്‍ത്തി ശെല്‍ജയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചുള്ള പ്രസംഗങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാക്കളോട് ബിജെപിക്ക് സ്‌നേഹം എന്ന് സെല്‍ജ തിരിച്ചടിച്ചു. വോട്ടിനു വേണ്ടിയാണ് ദലിതരെയും കര്‍ഷകരെയും ബി.ജെ.പി ഓര്‍ക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം. അതേസമയം ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രമാണ് ദലിതരെ ഒപ്പം ചേര്‍ക്കുന്നത് എന്ന വിമര്‍ശനമാണ് ബിഎസ് ബി ലോക്ദള്‍ സഖ്യത്തിന്റെ പ്രചാരണ ആയുധം.