Cancel Preloader
Edit Template

അർജുനെ കാണാതായിട്ട് 70 ദിവസം: ഇന്നത്തെ തിരച്ചിലിന് വെല്ലുവിളിയായി കാലാവസ്ഥ

 അർജുനെ കാണാതായിട്ട് 70 ദിവസം: ഇന്നത്തെ തിരച്ചിലിന് വെല്ലുവിളിയായി കാലാവസ്ഥ

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നടത്തുന്ന തിരച്ചിൽ ഇന്നും തുടരും. അർജുന് വേണ്ടിയുള്ള തെരച്ചിലിൻറെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിവസമാണ് ഇന്ന്. ലോറി ഡ്രൈവർ ആയിരുന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയും ലോറിയെയും കാണാതായിട്ട് കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുകയാണ്. ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും അർജുൻ ഇപ്പോഴും കാണാമറയത്താണ്.

ഇന്നത്തെ തിരച്ചിലിന് വെല്ലുവിളിയായി ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ട്. തിരച്ചിൽ നടക്കുന്ന പ്രദേശം ഉൾകൊള്ളുന്ന ഉത്തര കന്ന‍ഡ ജില്ലയിൽ ഇന്ന് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ കൂടി പരിഗണിച്ച് മാത്രമേ ഇന്ന് ഡ്രഡ്‍ജിംഗും തിരച്ചിലും നടത്തുകയൊള്ളൂ. ഗംഗാവലിപ്പുഴയുടെ തീരമേഖലയിലടക്കം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഗംഗാവലി പുഴയിൽ ഇന്നലെ നടത്തിയ തിരച്ചിലിൽ നാൽപതോളം വാഹന ഭാഗങ്ങൾ കണ്ടെത്തി. വാഹനത്തിന്റെ ക്രാഷ് ഗാർഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഭാഗങ്ങളാണിതെന്ന് സംശയിച്ചെങ്കിലും പിന്നീട് കണ്ടെത്തിയതിലൊന്നും അർജുന്റെ ലോറിയുടെ ഭാഗമില്ലെന്ന് ലോറിയുടമ മനാഫ് പറഞ്ഞു.

ലോഹ ഭാഗങ്ങളടക്കം വേറേയും നിരവധി വസ്തുക്കൾ കണ്ടെത്തിയിരുന്നു. അതേസമയം മരങ്ങളും കയറുകളും ആംഗ്ലറും മാത്രമാണ് അർജുന്റെ ലോറിയുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത്. തിരച്ചിൽ ഇന്നും തുടരും. നാവികസേന അടയാളപ്പെടുത്തിയ 30 മീറ്റർ ചുറ്റളവിലാണ് തിരച്ചിൽ നടത്തുന്നത്. കണ്ടെത്തിയ ഭാഗങ്ങൾ ഗ്യാസ് ടാങ്കർ ലോറിയുടേതാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഗംഗാവലി പുഴയിൽനിന്ന് ഞായറാഴ്ച കണ്ടെത്തിയ അസ്ഥി മനുഷ്യന്റെതല്ലെന്ന് സ്ഥിരീകരിച്ചു.

മംഗളുരുവിലെ എഫ്.എസ്.എൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് കലക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഇതു പശുവിന്റേതെന്നാണ് വിവരം. ഫോറൻസിക് സർജനും വെറ്ററിനറി ഡോക്ടറും ഇക്കാര്യം പൊലിസിനെ അറിയിച്ചു. ജൂലൈ 16 ന് രാവിലെ കന്യാകുമാരി‐പനവേൽ ദേശീയപാത 66ൽ മംഗളുരു‐ ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിൽ മണ്ണിടിച്ചിലിലാണ് അർജുൻ ഓടിച്ച ലോറി അകപ്പെട്ടത്.

Related post

Leave a Reply

Your email address will not be published. Required fields are marked *