തുടരെ തുടരെ അപകടങ്ങൾ; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സും അപകടത്തിൽപെട്ടു
പത്തനംതിട്ട കുരമ്പാലയിൽ തുടരെ തുടരെ വാഹനാപകടങ്ങൾ. മൂന്ന് അപകടങ്ങളിലായി അഞ്ച് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മിനി ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞതാണ് ആദ്യ അപകടം. പിന്നാലെ കെഎസ്ആർടിസി ബസ്, കാർ, ഫയർ ഫോഴ്സ് വാഹനം, ബസ് എന്നിവയും അപകടത്തിൽപ്പെട്ടു. അപകടങ്ങളിൽ ആർക്കും പരുക്കില്ല. തുടർച്ചയായ അപകടങ്ങളെ തുടർന്ന് എം.സി റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമായി.
പത്തനംതിട്ടയിൽ എം.സി റോഡിൽ കുരമ്പാല ഇടയാടിക്ക് സമീപം രാവിലെ 6.30ഓടെയാണ് ആദ്യ അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്ത് നിന്നും സോഡയുമായി പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. ഇതേസമയം ഇതുവഴി കടന്നുപോയ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്. ഇതിനിടെ അപകട സ്ഥലത്തേക്ക് അടൂരിൽ നിന്നും കുരമ്പാലക്ക് വന്ന ഫയർഫോഴ്സിൻറെ വാഹനത്തിൽ ബസ് തട്ടുകയും ചെയ്തു. മൂന്ന് സംഭവങ്ങളിലും ആർക്കും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
അതേസമയം, തുടർച്ചായി അപകടങ്ങൾ ഉണ്ടായതോടെ ഏറെ തിരക്കുള്ള എം.സി റോഡിലെ ഗതാഗതം സ്തംഭിച്ചു. പൊലിസ് എത്തി വാഹങ്ങൾ നിയന്ത്രിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും ഗതാഗത കുരുക്ക് ഇപ്പോഴും ഒഴിഞ്ഞിട്ടില്ല.