Cancel Preloader
Edit Template

പി വി അൻവറിന്‍റെ പ്രതിഷേധം : സിപിഎമ്മിന് കടുത്ത അതൃപ്തി, ജില്ലാ സെക്രട്ടറി വിളിച്ചുവരുത്തി വിശദീകരണം തേടി

 പി വി അൻവറിന്‍റെ പ്രതിഷേധം : സിപിഎമ്മിന് കടുത്ത അതൃപ്തി, ജില്ലാ സെക്രട്ടറി വിളിച്ചുവരുത്തി വിശദീകരണം തേടി

മലപ്പുറം: എസ് പി എസ് ശശിധരനെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ പ്രതിഷേധത്തില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി. സിപിഎം ജില്ലാ സെക്രട്ടറി അന്‍വറിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. അൻവറിന്‍റെ പ്രതിഷേധം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാത്തിയെന്നാണ് സിപിഎം ജില്ലാ നേതൃത്യം വിലയിരുത്തുന്നത്.

അതേസമയം, വിളിച്ച് വരുത്തിയതല്ലെന്ന് അൻവര്‍ വിശദീകരിക്കുന്നത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നുണ്ട്. അതിന്റെ ചർച്ചയാണ് നടത്തിയത്. എപ്പോഴും വരുന്ന സ്ഥലമാണ്. പ്രതിഷേധത്തിന് പാർട്ടി പിന്തുണ ഉണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏത് പാർട്ടിയെന്ന മറുചോദ്യവുമായി എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പിന്നീട് പറയാമെന്നും എംഎൽഎ മറുപടി നല്‍കി.

മലപ്പുറം എസ് പിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് പി വി അന്‍വര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പി വി അന്‍വര്‍ എംഎല്‍എ കുത്തിയിരുപ്പ് സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്കറിയയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പി വി അന്‍വറിന്‍റെ കുത്തിയിരിപ്പ് പ്രതിഷേധം.

പൊലീസ് സ്റ്റേഷൻ നിര്‍മിക്കുന്നില്ലെങ്കില്‍ എടക്കര പൊലീസ് സ്റ്റേഷന് നാല് വര്‍ഷം മുമ്പ് ജനങ്ങള്‍ ദാനമായി നല്‍കി 50 സെന്‍റ് സ്ഥലം ഉടമകള്‍ക്ക് തിരിച്ചുനല്‍കാൻ നടപടി സ്വീകരിക്കുക,ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്‍പിയുടെ അഹങ്കാരം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും കുത്തിയിരിപ്പ് സമരം നടത്തുന്നതിന് സമീപം ബാനറിലായി എഴുതിയിട്ടുണ്ട്. പാവങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷൻ പദ്ധതിയെ മലപ്പുറം പൊലീസ് മേധാവി മനപൂര്‍വം തടസപ്പെടുത്തുകയാണെന്നാണ് പിവി അൻവര്‍ എംഎല്‍എയുടെ ആരോപണം.

Related post

Leave a Reply

Your email address will not be published. Required fields are marked *