Cancel Preloader
Edit Template

പൊലിസ് തലപ്പത്ത് തമ്മിലടി

 പൊലിസ് തലപ്പത്ത് തമ്മിലടി

തിരുവനന്തപുരം: പൊലിസ് തലപ്പത്ത് തമ്മിലടി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ ഡി.ജി.പി ഷെയ്ക്ക് ദര്‍വേശ് സാഹിബ് താക്കീത് ചെയ്തു. പൊലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാത്തതിനാണ് താക്കീത്. വയനാട്ടിലെ ദുരന്തമേഖലയിലായിരുന്നിട്ടും ഓണ്‍ലൈനായി പോലും യോഗത്തില്‍ പങ്കെടുത്തില്ലെന്നും പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണം അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണ് ഡി.ജി.പിയുടെ താക്കീത്. മാസങ്ങളായി പൊലിസ് തലപ്പത്ത് തുടരുന്ന കലഹത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ താക്കീത്.

നേരത്തെ എം.ആര്‍ അജിത്കുമാര്‍ ഇറക്കിയ സര്‍ക്കുലര്‍ ഡി.ജി.പി വെട്ടിയിരുന്നു. പൊലിസിലെ മാനസികസമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശങ്ങളും നടപടികളുമായി ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ സര്‍ക്കുലര്‍ അയച്ചതാണ് ഡി.ജി.പിയെ ചൊടുപ്പിച്ചത്. ഡി.ജി.പി വിദേശയാത്ര നടത്തുന്നതിനിടെയാണ് എ.ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയത്. യാത്രകഴിഞ്ഞ് തിരിച്ചെത്തിയ പൊലിസ് മേധാവി ഈ സര്‍ക്കുലറിനെതിരേ മറുസര്‍ക്കുലര്‍ ഇറക്കി. ഇനി യൂനിറ്റ് മേധാവികളും മറ്റ് ഓഫിസര്‍മാരും സര്‍ക്കുലര്‍ ഇറക്കരുതെന്ന കര്‍ശന ഉത്തരവാണ് ഡി.ജി.പി പുറപ്പെടുവിച്ചത്. ഇതില്‍ ഇരുവരും തമ്മില്‍ വാക്‌പോര് വരെ ഉണ്ടായിയെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനായ എം.ആര്‍ അജിത്കുമാറാണ് പൊലിസ് ആസ്ഥാനത്തിരുന്നു സംസ്ഥാനം ഭരിക്കുന്നതെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു. അതേസമയം, വയനാട്ടിലെ തിരക്കുകളായതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഓഫിസില്‍ നിന്ന് അറിയിച്ചിരുന്നുവെന്നാണ് എ.ഡി.ജി.പിയുടെ വിശദീകരണം. ഡി.ജി.പി താക്കീത് ചെയ്തതിനുപിന്നാലെ അജിത് കുമാര്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചിട്ടുണ്ട്.

എ.ഡി.ജി.പി ശ്രീജിത്തിനും പൂട്ട്

പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായ ശ്രീജിത്തിന്റെ അധികാരങ്ങളും വെട്ടിക്കുറച്ച് സംസ്ഥാന പൊലിസ് മേധാവി ഉത്തരവിറക്കി. അതീവ രഹസ്യസ്വഭാവമുള്ള ഫയലുകള്‍ ഇനി മുതല്‍ ശ്രീജിത്തിന് മുന്നിലേക്ക് വിടേണ്ടെന്നാണ് ഉത്തരവ്.
രഹസ്യസ്വഭാവമുള്ളവ ഉള്‍പ്പെടെ സകല ഫയലുകളും ഇനി മുതല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡി.ഐ.ജി സതീഷ് ബിനോയെയാണ് കൈകാര്യം ചെയ്യാന്‍ ഡി.ജി.പി ഏല്‍പ്പിച്ചിരിക്കുന്നത്. എ.ഡി.ജി.പി ഹര്‍ഷിത അട്ടല്ലൂരിയാണ് പൊലിസ് മേധാവിക്ക് വേണ്ടി ഉത്തരവിറക്കിയത്. ഉത്തരവുപ്രകാരം മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട ഫയലുകളുടെ മേല്‍നോട്ടം, ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെ മാത്രമുള്ള ഫോണ്‍ നിരീക്ഷണം എന്നിവയാണ് ശ്രീജിത്തിന്റെ ചുമതല.

Related post

Leave a Reply

Your email address will not be published. Required fields are marked *