പെലെ കളമൊഴിഞ്ഞിട്ട് ഒരാണ്ട്

ഒരു താരത്തിന്റെ പേര് കൊണ്ട് മാത്രം ഒരു രാജ്യം ആഗോളതലത്തില്‍ അറിയപ്പെടുമോ, അവരുടെ ദേശീയ ടീമിന് ലോകത്തിന്റെ എല്ലാ കോണിലും ആരാധകരുണ്ടാകുമോ, ബൂട്ടഴിച്ചിട്ട് അരനൂറ്റാണ്ടോളമായിട്ടും ആ താരത്തിന്റെ പേരെഴുതിയ ജേഴ്സിയണിഞ്ഞ് മൈതാനങ്ങളില്‍ പന്തു തട്ടുന്നുവരുണ്ടാകുമോ, ഉണ്ട് എന്നാണ് ഉത്തരം. ആ താരത്തിന്റെ പേര് എഡ്സണ് ആരാന്റസ് ഡൊ നാസിമെന്റൊ. ലോകം അവനെ സ്നേഹത്തോടെയും ആദരവോടെയും ആരാധനയോടെയും വിളിച്ചു, പെലെ.
ഫുട്ബോളിന്റെ രാജാവെന്നും ഇതിഹാസമെന്നുമൊക്കെ വാഴ്ത്തപ്പെടുന്ന ബ്രസീലിന്റെ ഫുട്ബോള്‍ പര്യായം ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. അർബുദ ബാധയെത്തുടർന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷമായിരുന്നു കഴിഞ്ഞ ഡിസംബർ 29-ന് പെലെ ലോകത്തോട് വിടപറഞ്ഞത്.