വയനാട് ദുരന്തത്തില്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ച യുട്യൂബര്‍ ‘ചെകുത്താന്‍’ അറസ്റ്റില്‍
കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ യൂട്യൂബര്‍ ‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സ് അറസ്റ്റില്‍. പട്ടാള യൂണിഫോമില്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെയാണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന് ചെകുത്താന്‍ അറസ്റ്റിലായത്.
താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പൊലിസ് കേസെടുത്തത്. ആരാധകരുടെ മനസില്‍ വിദ്വേഷം ഉണ്ടാക്കുന്ന പരാമര്‍ശം യുട്യൂബ് ചാനലിലൂടെ നടത്തിയെന്നാണ് കേസ്. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ചെകുത്താന്‍ ഒളിവില്‍ പോയിരുന്നു. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്നയാളാണ് മോഹന്‍ലാല്‍.
സിനിമകള്‍ക്കും സിനിമാ താരങ്ങള്‍ക്കുമെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തുന്ന ഇത്തരം ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ അമ്മ സംഘടന തീരുമാനിക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് സിദ്ദീഖ് പരാതി നല്‍കിയത്. അമ്മ സംഘടനയുടെ പ്രസിഡന്റാണ് മോഹന്‍ലാല്‍.
ടെറിട്ടോറിയില്‍ ആര്‍മിയുടെ ഭാഗമായാണ് മോഹന്‍ലാല്‍ വയനാട്ടില്‍ പോയതും വയനാടിന്റെ പുനരധിവാസത്തിനായി വലിയ സഹായങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തതും. ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതുന്നത് അംഗീകരിക്കാനാവില്ലെന്നുമ സിദ്ധിഖ് പറഞ്ഞു.