പാരസെറ്റാമോള്‍ അടക്കം 53 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മുന്‍നിര കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 ലധികം മരുന്നുകള്‍ ഗുണനിലവാരമില്ലാത്തത്. കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളായ പാരസെറ്റാമോള്‍ 500 എം.ജി, പാന്‍ഡി, വിറ്റാമിന്‍ ബി. കോംപ്ലെക്സ്, വിറ്റാമിന്‍ സി. സോഫ്റ്റ്ജെല്‍സ്, വിറ്റാമിന്‍ സി., ഡി. 3 ടാബ്ലെറ്റ്, പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുമുള്ള മരുന്നുകള്‍ തുടങ്ങിയവയാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഓഗസ്റ്റില്‍ ഇറക്കിയ പ്രതിമാസ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അല്‍കെം ലബോറട്ടറി, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ്, ഹെട്രോ ഡ്രഗ്സ്, കര്‍ണാടക ആന്റിബയോട്ടിക്സ്, പ്യുര്‍ ക്ഷ ക്യുര്‍ ഹെല്‍ത്ത് കെയര്‍, മെഗ് ലൈഫ് സയന്‍സ് തുടങ്ങിയ കമ്പനികളുടെ മരുന്നുകളാണിത്. അതത് സംസ്ഥാനങ്ങളിലെ സി.ഡി.എസ്.സി.ഒ ഉദ്യോഗസ്ഥരുടെ പ്രതിമാസ പരിശോധനയില്‍ പരാജയപ്പെട്ട 53 ഇനം മരുന്നുകളുടെ രണ്ട് പട്ടികകളാണ് പുറത്തുവന്നത്.
ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) മെട്രോണിഡാസോള്‍, ഗുരുതരമായ ബാക്ടീരിയ അണുബാധയുള്ള കുട്ടികള്‍ക്ക് നിര്‍ദേശിക്കുന്ന ഹൈദരാബാദിലെ ഹെറ്ററോ ഇറക്കുന്ന സെപോഡെം എക്സ്പി 50 ഡ്രൈ സസ്പെന്‍ഷന്‍ എന്നിവയും ഇതിലുള്‍പ്പെടും.