കാട്ടാന ചവിട്ടിക്കൊന്ന ബിജു മാത്യുവിന്റെ കുടുംബത്തിന് 50 ലക്ഷം നല്‍കാന്‍ ശുപാര്‍ശ, 10 ലക്ഷം ഇന്നു നല്‍കും

പത്തനംതിട്ട: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്റെ കുടംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യും. 10 ലക്ഷം രൂപ ഇന്ന് തന്നെ നല്‍കും. മക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കും. താത്കാലിക ജോലി ഉടന്‍ നല്‍കും. റാന്നി ഡിഎഫ്ഒ, പത്തനംതിട്ട എസ്പി , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പുരോഹിതര്‍, എംപി ആന്റോ ആന്റണി, അനില്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം.
ബിജുവിനെ ആക്രമിച്ച കാട്ടാനയെ വെടിവെച്ചു കൊല്ലാനും യോഗം ശുപാര്‍ശ ചെയ്തു. സുരക്ഷയ്ക്ക് താത്കാലിക വാച്ചര്‍മാരെ നിയമിക്കും. നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കണമല ഡെപ്യൂട്ടി റേഞ്ചര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി. പറമ്പിലെ കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെയാണ് ബിജു മാത്യു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കണമല വനം വകുപ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.