വാക്സിൻ എടുത്ത ശേഷവും പേവിഷബാധ; പത്തനംതിട്ടയിൽ 13കാരി മരിച്ചത് പേവിഷ ബാധയെ തുടർന്ന്, ആരോഗ്യവകുപ്പിനെതിരെ പരാതി

പത്തനംതിട്ട: വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ സംഭവം പത്തനംതിട്ടയിലും. ഏപ്രിൽ ഒൻപതിന് 13 കാരി മരിച്ചത് പേവിഷ ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി ആണ് പേബിഷബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഡിസംബർ 13 നാണ് കുട്ടിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയിൽ വാക്സിൻ പൂർത്തിയാക്കിയിട്ടും ഏപ്രിൽ മൂന്നിന് കുട്ടി പേവിഷ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 9നാണ് കുട്ടി മരിച്ചത്. പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ മൂന്നാം നാൾ ചത്തു. നായയുടെ പോസ്റ്റുമോര്‍ട്ടത്തിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നു. നാരങ്ങാനം പഞ്ചായത്തും ആരോഗ്യവകുപ്പും നടപടികൾ സ്വീകരിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
സംസ്ഥാനത്ത് പേവിഷ പ്രതിരോധ ചികിത്സ ഫലിക്കാത്ത സംഭവം വീണ്ടും. കൃത്യമായി വാക്സിനും ഇമ്മ്യൂണോഗ്ലോബുലിനും എടുത്തിട്ടും കൊല്ലം ജില്ലയിൽ ഏഴ് വയസ്സുകാരിക്കും പേ വിഷബാധ ഉണ്ടായി. കൊല്ലം സ്വദേശിനിയായ കുട്ടി ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം എസ്എടി ആശുപത്രി വെന്റിലറ്ററിൽ കഴിയുകയാണ്. വാക്സിന്റെ ഒരു ഡോസ് മാത്രം ബാക്കിനിൽക്കെ ഇക്കഴിഞ്ഞ ഏപ്രിൽ 28നാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 28നാണ് വീടിനുള്ളിൽ കഴിയുകയായിരുന്ന എട്ട് വയസുകാരിക്ക് അപ്രതീക്ഷിതമായി തെരുവുനായയുടെ കടിയേൽക്കുന്നത്. താറാവിനെ ഓടിച്ചശേഷം തെരുവുനായ വീട്ടുമുറ്റത്തേക്ക് എത്തുകയായിരുന്നു. ബഹളം കേട്ട് കുട്ടി പുറത്തിറങ്ങിയപ്പോഴാണ് നായ കുട്ടിയുടെ വലത് കൈമുട്ടിൽ കടിക്കുന്നത്