മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിലേക്ക്; കേന്ദ്ര അവഗണനക്കെതിരെ ഫെബ്രുവരി 8 ന് ജന്തർ മന്ദറിൽ പ്രതിഷേധ സമരം
കേന്ദ്ര അവഗണനയ്ക്കെതിരെ സമരവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം സംഘടിപ്പിച്ച് ഫെബ്രുവരി എട്ടിന് സമരം നടത്താൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി.ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തർ മന്ദറിലേക്ക് നീങ്ങും.
ഇടത് സർക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ബോധപൂർവ്വം ശ്രമം നടത്തുകയാണെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ ആരോപിച്ചു. പണം അനുവദിക്കാതെ കേരളത്തിൽ വികസന മുരടിപ്പ് ഉണ്ടാക്കുന്നു. ഡൽഹിയിലെ സമര ദിവസം കേരളത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തകർ ഭവന സന്ദർശനം നടത്തുമെന്നും ഇപി ജയരാജൻ അറിയിച്ചു. ബിജെപി മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ച് കത്ത് നൽകും.