ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വ്യോമ, റെയിൽ ഗതാഗതത്തെയും ബാധിച്ചു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മൂടൽമഞ്ഞ്. ശൈത്യ തരംഗം രണ്ട് ദിവസം കൂടെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശക്തമായ മൂടൽമഞ്ഞ് വ്യോമ റെയിൽ ഗതാഗതത്തെയും ബാധിച്ചു. ഡൽഹിയിലേക്കുള്ള നിരവധി തീവണ്ടികൾ വൈകിയോടി.മൂടൽമഞ്ഞിൽ നിരവധി വിമാനങ്ങൾ വൈകിയതോടെ മണിക്കൂറുകൾ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി.
ഗോവയിൽനിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോയുടെ വിമാനം മുംബൈയിൽ ഇറക്കി. മൂടൽമഞ്ഞിനെ തുടർന്നുള്ള വിമാനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി യാത്രക്കാർക്ക് നൽകാൻ ഡിജിസിഎ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.
സ്കൂളുകൾ പുതുക്കിയ സമയക്രമത്തോടെ
ശൈത്യകാല വെല്ലുവിളികളും മൂടൽമഞ്ഞും കാരണം ഡൽഹിയിലെ സ്കൂളുകൾ നഴ്സറിയും പ്രൈമറി ക്ലാസുകളും ഉൾപ്പെടെയുള്ള ശാരീരിക പഠനത്തിനായി വീണ്ടും തുറന്ന സമയക്രമം രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ. കാലാവസ്ഥ കാരണം നേരത്തെ സ്കൂളിൽ എത്താനുള്ള ബുദ്ധിമുട്ട് വിദ്യാർത്ഥികൾ പ്രകടിപ്പിക്കുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിലെ സ്കൂളുകൾക്ക് കഴിഞ്ഞയാഴ്ച അവധി നൽകിയിരുന്നു. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗറും ഇടതൂർന്ന മൂടൽമഞ്ഞും കാഴ്ചക്കുറവും കാരണം 8-ാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് ജനുവരി 16 വരെ അവധി നൽകി.
അതേസമയം ഡൽഹിയിൽ വായു മലിനീകരണം ഉയർന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. താൽക്കാലിക നിരോധനം ഏർപ്പെടുത്തിയ വാഹനങ്ങൾ തടയുന്നതിനായി അതിർത്തികളിൽ പോലീസ് പരിശോധന തുടരുകയാണ്.