ഗുരുവായൂർ ദർശനം നടത്തി; വിവാഹത്തിൽ പങ്കെടുത്ത്,മാല എടുത്തു നൽകി മോദി
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹത്തിന് മാലയെടുത്ത് നൽകിയതും മോദിയാണ്. വധു വരൻമാർക്ക് ആശംസയും അറിയിച്ചു. ഇന്ന് വിവാഹിതരാകുന്ന മറ്റ് വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചതിനു ശേഷം മധുരവും നൽകി. സിനിമ മേഖലയിൽ നിന്നടക്കമുള്ള മറ്റു പ്രധാന വിഐപികളോ ടും മോദി സംസാരിച്ചു. വിവാഹ ചടങ്ങുകൾക്ക് ശേഷം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു.
ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലിപാഡിൽ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. ഇവിടെ വിശ്രമിച്ച് വസ്ത്രം മാറിയ ശേഷം അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എത്തി.
ഇലക്ട്രിക് വാഹനത്തിലാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് എത്തിയത്. രാവിലെ 8.45 നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. രാവിലെ 10.10 ന് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തും. പിന്നീട് 12 മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി ഷിപ്പ്‌യാര്‍ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരയോടെ മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകിട്ടോടെ ദില്ലിക്ക് മടങ്ങും എന്ന നിലയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.