Cancel Preloader
Edit Template

അയോധ്യ പ്രാണപ്രതിഷ്ഠാദിനം; കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി

 അയോധ്യ പ്രാണപ്രതിഷ്ഠാദിനം; കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി

പുരോഗമിക്കുന്ന അയോധ്യ ക്ഷേത്രനിർമാണം

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ദിനമായ ജനുവരി 22ന് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, കേന്ദ്ര സ്ഥാപനങ്ങള്‍, കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ 22ന് ഉച്ചയ്ക്ക് 2.30വരെ പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവിറക്കി.

ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഏഴായിരത്തിലധികം ആളുകളെയാണ് രാജ്യത്തുടനീളം പ്രാൺപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12.20ന് വാരാണസിയിൽ നിന്നുള്ള മതപുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പ്രാണപ്രതിഷ്ഠ ചടങ്ങ് നിർവഹിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങുകൾ അവസാനിക്കും. മൈസൂർ ആസ്ഥാനമായുള്ള ശിൽപി അരുൺ യോഗിരാജ് നിർമ്മിച്ചെടുത്ത ശിൽപമാണ് പ്രതിഷ്ഠാ ചടങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത നിർവഹിക്കുന്ന ചടങ്ങിൽ രാജ്യത്തെ നിരവധി പ്രമുഖ കലാ-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരാണ് പങ്കെടുക്കുന്നത്. അന്നേ ദിവസം മുഖ്യപൂജാരിക്കു പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യഗോപാല്‍ദാസ് എന്നിവര്‍ക്കു മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളത്.

അതേസമയം ജനുവരി 22ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും രാമക്ഷേത്ര പ്രതിഷ്ഠ ദിനവും ആഘോഷിക്കണമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അന്നേദിവസം വിപുലമായ ആഘോഷങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനമെന്നും യുപി സർക്കാർ അറിയിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഒപ്പം, സംസ്ഥാനത്ത് അന്ന് മദ്യശാലകൾ ഒന്നും തുറന്ന് പ്രവർത്തിക്കില്ലെന്നും എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നുമാണ് യുപി സർക്കാർ നൽകിയ നിർദ്ദേശം.

അന്നേദിവസം ഡ്രൈ ഡേ ആയിരിക്കുമെന്നും യു പി സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്, അസം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഉദ്ഘാടന ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇപ്പോൾ ജനുവരി 22ന് മാംസവും മത്സ്യവും വിൽക്കുന്നതും യുപി സർക്കാർ നിരോധിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *