Cancel Preloader
Edit Template

കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ

 കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ

മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ മരണവുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതി എയര്‍ ഇന്ത്യ എക്സ്പ്രസ് പരിഗണിക്കുന്നില്ലെന്ന് രാജേഷിൻ്റെ ഭാര്യ അമൃത. നേരത്തെ ച‍ര്‍ച്ച നടത്താമെന്ന് പറഞ്ഞ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇപ്പോൾ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞു. കൂടുതൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മെയിൽ അയക്കാനാണ് പറയുന്നത്. ആകെ ടിക്കറ്റിന്റെ റീഫണ്ട് തുക മാത്രമാണ് നൽകിയത്. കേണപേക്ഷിച്ചിട്ടും താൻ പറയുന്നത് കേൾക്കാൻ എയർ ഇന്ത്യ എക്‌സ്‌പ്രസ് അധികൃതർ തയ്യാറായില്ല. തങ്ങളെ ഒഴിവാക്കി വിടാനാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ശ്രമിച്ചത്. വിമാനം റദ്ദായ സമയത്ത് തന്നെ ടിക്കറ്റ് തുക തന്നിരുന്നെങ്കിൽ അവസാനമായി ഭർത്താവിനെ കാണാൻ കഴിയുമായിരുന്നു. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകുമെന്ന് പറഞ്ഞ അമൃത എയർ ഇന്ത്യ എക്സ്പ്രസിന്റെ അനാസ്ഥയിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

മസ്കത്തിൽ അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിന്റെ അടുക്കലേക്കുള്ള അമൃതയുടെ യാത്ര മുടങ്ങിയത് നൊമ്പര കാഴ്ചയായിരുന്നു. രണ്ട് തവണ ടിക്കറ്റെടുത്തിട്ടും സമരം കാരണം അമൃതയ്ക്ക് പോകാനായില്ല. യാത്ര മുടങ്ങിയതോടെ പ്രാർത്ഥനയുമായി കാത്തിരുന്ന അമൃത പിന്നെ കേട്ടത് നമ്പി രാജേഷിന്റെ മരണവാർത്തയാണ്. ഇന്നലെ രാവിലെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി. പിന്നീട് ഈഞ്ചക്കലിലെ എയർ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധിച്ചു. ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് ബന്ധുക്കൾ മൃതദേഹവുമായി മടങ്ങിയത്.

വീട്ടിലെ പൊതുദർശനത്തിന് ശേഷം ശാന്തികവാടത്തിലായിരുന്നു സംസ്കാരം. അത്യാസന്ന നിലയിലായിരുന്ന ഭർത്താവിന് അരികിലേക്ക് ഉടൻ എത്തണണെന്ന് അമൃത കേണുപറഞ്ഞിട്ടും അന്ന് പരിഹാരം കാണാൻ എയർ ഇന്ത്യ അധികൃതർ ശ്രമിച്ചിരുന്നില്ല. ഇനി എന്ത് ഉറപ്പ് നൽകിയാലും നടപടിയെടുത്താലും അമൃതയുടെ കണ്ണീർ തോരുകയുമില്ല. ഇക്കഴിഞ്ഞ ഏഴിനായിരുന്നു മസ്കത്തിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *