Cancel Preloader
Edit Template

ഡൽഹി കോച്ചിംഗ് സെൻ്ററിലെ ദുരന്തം; ബേസ്മെന്റിലെ ലൈബ്രറിയും ക്ലാസ്റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായി

 ഡൽഹി കോച്ചിംഗ് സെൻ്ററിലെ ദുരന്തം; ബേസ്മെന്റിലെ ലൈബ്രറിയും ക്ലാസ്റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായി

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ കരോൾബാഗിനടുത്തുള്ള രാജേന്ദർ നഗറിൽ സിവിൽ സർവിസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളംകയറി മലയാളിയടക്കം മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. വിദ്യാർഥികൾ മരിച്ച ബേസ്‌മെന്റ് ഫ്ലോർ പ്രവർത്തിച്ചത് നിയമവിരുദ്ധമായെന്നാണ് കണ്ടെത്തൽ. ബേസ്മെന്റിന് ഫയർഫോഴ്സ് എൻഒസി നൽകിയത് സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണ്. എന്നാൽ ഇത് ലംഘിച്ചാണ് ഇവിടെ ലൈബ്രറിയും ക്ലാസ് റൂമും പ്രവർത്തിച്ചത്. ഇതുസംബന്ധിച്ച് ഡൽഹി ഫയർഫോഴ്സ് പരിശോധന റിപ്പോർട്ട് പൊലിസിന് കൈമാറി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും വിവിധ കോച്ചിംഗ് സെൻ്ററുകളിൽ പരിശോധന തുടരുമെന്ന് എം.സി.ഡി അറിയിച്ചു.

അതേസമയം, അപകടമുണ്ടായ റാവൂസ് കോച്ചിംഗ് സെൻ്ററിന് മുന്നിൽ ഇന്നും വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിക്കുന്നത്. കൃത്യമായ ഡ്രെയിനേജ് സംവിധാനം ഒരുക്കാത്തതിനാലാണ് കോച്ചിങ് സെന്ററിലേക്ക് വെള്ളം കയറിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ കേസെടുത്തതിന്റെ എഫ്ഐആർ കോപ്പി ലഭ്യമാക്കുക, സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, പ്രദേശത്തെ ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കുക, മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം നൽകുക, ബേസ്‌മെൻ്റിലെ ക്ലാസ് മുറികൾ, ലൈബ്രറികൾ തുടങ്ങിയവ പൂർണമായും അടച്ചു പൂട്ടുക എന്നിങ്ങനെയാണ് വിദ്യാർഥികൾ മുന്നോട്ട് വെക്കുന്ന ആവശ്യം.

ശനിയാഴ്ച വൈകീട്ട് നടന്ന അപകടത്തിൽ എറണാകുളം അങ്കമാലി നീലേശ്വരം സ്വദേശി നെവീൻ ഡാൽവിൻ (23) ആണ് മരിച്ച മലയാളി. ജെ.എൻ.യുവിലെ ഗവേഷണ വിദ്യാർഥിയാണ്. നീലേശ്വരം ലാൻസ് വില്ലയിൽ റിട്ട ഡിവൈ.എസ്.പി ഡാൽവിൻ സുരേഷിന്റെയും കാലടി സംസ്‌കൃത സർവകലാശാലയിലെ മുൻ സിൻഡിക്കേറ്റ് അംഗവും ജ്യോഗ്രഫി വകുപ്പ് മുൻ മേധാവിയുമായ ഡോ. ടി.എസ് ലിൻസ് ലെറ്റിന്റെയും മകനാണ് നെവീൻ. ഉത്തർപ്രദേശ് സ്വദേശി ശ്രേയയാദവ് (25), തെലങ്കാന സ്വദേശി ടാനിയ സോണി (25) എന്നിവരാണ് മരിച്ച മറ്റുള്ളവർ.

അപകടത്തിൽ മരിച്ച വിദ്യാർഥികൾ

ശനിയാഴ്ച വൈകിട്ടും രാത്രിയുമായി പെയ്ത മഴയിൽ റാവൂസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റിലേക്ക് വെള്ളം കയറുകയായിരുന്നു. ബേസ്‌മെന്റിലായിരുന്നു കോച്ചിങ് സെന്ററിന്റെ ലൈബ്രറിയും റീഡിങ് റൂമും പ്രവർത്തിച്ചിരുന്നത്. ഇവിടെ ഏഴടിയോളം ഉയരത്തിൽ വെള്ളംപൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. കനത്ത മഴയിൽ അഴുക്കുചാലിൽ നിന്നുള്ള വെള്ളമാണ് കോച്ചിങ് സെന്ററിലേക്ക് ഒഴുകിയെത്തിയത്.

കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് വെള്ളം ഇരച്ചുകയറിയോടെ വെള്ളക്കെട്ട് രൂപപ്പെടുകയും മരിച്ച വിദ്യാർഥികൾക്ക് രക്ഷപ്പെടാനാകാതെ വരികയുമായിരുന്നു. സംഭവസമയം റീഡിങ് റൂമിൽ വേറെയും വിദ്യാർഥികളുണ്ടായിരുന്നു. അവർ രക്ഷപ്പെട്ടു. അപകട സ്ഥലത്തുനിന്ന് 14 പേരെ രക്ഷപ്പെടുത്തിയെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അഗ്‌നിരക്ഷാ സേന വ്യക്തമാക്കി. സംഭവസമയത്ത് മുപ്പതോളം വിദ്യാർഥികൾ ബേസ്മെന്റിൽ ഉണ്ടായിരുന്നുവെന്നും അഗ്‌നിരക്ഷാസേന വ്യക്തമാക്കി.

ദുരന്തത്തിന് പിന്നാല സ്ഥാപന ഉടമയെയും കോഡിനേറ്ററെയും ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയ ഡൽഹി സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷിക്കാൻ ദേശീയ ദുരന്തനിവാരണ സേനയിലെ മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ളവർ അപകട സ്ഥലത്ത് എത്തിയിരുന്നു. രക്ഷാദൗത്യത്തിനൊടുവിൽ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് മുതൽ 12 അടിവരെ ഉയരത്തിൽ വെള്ളം എത്തിയെന്നും പെട്ടെന്ന് വെള്ളം എത്തിയപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയായിരുന്നെന്നും പ്രദേശവാസികൾ പറഞ്ഞു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം സെൻട്രൽ ഡൽഹിയിൽ ശനിയാഴ്ച വൈകീട്ട് 5.30നും 8.30നും ഇടയിൽ 31.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *