Cancel Preloader
Edit Template

15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന് മൊഴി ; സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന

 15 വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന് മൊഴി ; സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന

മാവേലിക്കര: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയെന്ന യുവതിയെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹത്തിനായി പരിശോധന തുടങ്ങി അന്വേഷണ സംഘം. കലയുടെ ഭര്‍ത്താവ് അനിലിന്റെ വീടിന്റെ കോംപൗണ്ടിലുള്ള സെപ്റ്റിക് ടാങ്ക് പൊളിച്ചാണ് പരിശോധന നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അനിലിന്റെ ബന്ധുക്കളായ നാല് പേര്‍ പൊലിസ് കസ്റ്റഡിയിലുണ്ട്.

അനിലിന്റേയും കലയുടേയും പ്രണയ വിവാഹമായിരുന്നു. 15 വര്‍ഷം മുന്‍പാണ് കലയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. അപ്പോള്‍ കലയ്ക്ക് 27 വയസായിരുന്നു. കാണാതാവുമ്പോള്‍ കലയ്ക്ക് കുഞ്ഞുണ്ടായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് അന്ന് അനില്‍ പരാതിയും നല്‍കിയിരുന്നു. അന്വേഷണത്തില്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അനില്‍ വേറെ വിവാഹം കഴിക്കുകയും കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു.

കലയുടെ ഭര്‍ത്താവായ അനില്‍ ഇസ്‌റാഈലിലാണ് ഇപ്പോഴുള്ളത്. ഇയാളെ നാട്ടിലെത്തിക്കാന്‍ അന്വേഷണസംഘം ശ്രമമാരംഭിച്ചു.

മൂന്ന് മാസത്തിനു മുന്‍പ് കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമകത്ത് പൊലിസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്.

നിലവില്‍ ഇവിടെ ഒരു പുതിയ വീട് പണിതിട്ടുണ്ട്. എന്നാല്‍ പഴയ ബാത്ത്‌റൂം സെപ്റ്റിക് ടാങ്കും അതേ പോലെ തന്നെയാണ്. പഴയ ബാത്ത്‌റൂം പൊളിച്ച് കളയാത്തതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ സംശയം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ കൊലപാതകത്തിലേക്ക് സൂചന നല്‍കുന്ന ഊമകത്ത് കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *